തിരുവല്ല: മഴക്കാലം തുടങ്ങിയതോടെ മണിമലയാറിന്റെ തീരത്ത് താമസിക്കുന്ന നൂറോളം കുടുംബങ്ങൾ തിട്ടയിടിച്ചിൽ ഭീഷണിയിലായി. താലൂക്കിലെ പടിഞ്ഞാറൻ മേഖലയിലെ കുറ്റൂർ, നെടുമ്പ്രം പഞ്ചായത്തുകളിലെ കുടുംബങ്ങളാണ് ഭൂമിയും വീടും മണിമലയാർ കവരുമോയെന്ന ഭീതിയിൽ കഴിയുന്നത്. കനത്തമഴ പെയ്യുമ്പോൾ ഇവർക്ക് ഉള്ളിൽ തീയാണ്. കുറ്റൂർ പഞ്ചായത്തിലെ 1,2,13,14 നെടുമ്പ്രം പഞ്ചായത്തിന്റെ 9,10 വാർഡുകളിലും ഉൾപ്പെടുന്ന തെങ്ങേലി, വെൺപാല, കല്ലുങ്കൽ പ്രദേശങ്ങളിലാണ് തിട്ടയിടിച്ചിൽ വ്യാപകമാകുന്നത്. കഴിഞ്ഞ കുറെ വർഷങ്ങളായി ഇവിടുത്തെ തീരവാസികൾക്ക് നഷ്ടമായത് ഏക്കർകണക്കിന് ഭൂമിയാണ്. മാത്രമല്ല ഇരുകരകളുടെയും തീരത്തോട് ചേർന്നുള്ള പലവീടുകളും തകർച്ചയുടെ വക്കിലാണ്. പാവപ്പെട്ടവരും സാധാരണക്കാരുമായ ജനങ്ങളാണ് ഏറെയും. മണിമലയാറിന്റെ തീരത്തെ വളരെ കുറച്ച് സ്ഥലങ്ങളിൽ മാത്രമേ സർക്കാർ സംരക്ഷണഭിത്തി നിർമ്മിച്ചിട്ടുള്ളൂ. അതുതന്നെ പലയിടത്തും ഇടിഞ്ഞുവീണ നിലയിലാണ്. 2018ലെ പ്രളയശേഷമാണ് പ്രദേശവാസികളുടെ ഭീതി വർദ്ധിച്ചത്. ആറ്റുതീരങ്ങൾ സംരക്ഷിച്ചിരുന്ന മുളങ്കാടുകളും മറ്റ് വൃക്ഷങ്ങളും കുതിച്ചെത്തിയ പ്രളയത്തിൽ വ്യാപകമായി ഒഴുകിപ്പോയി. ഇതേതുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മണിമലയാർ കുത്തിയൊഴുകി തീരത്തെ ഉയരത്തിലുള്ള ഭൂമിയും വ്യാപകമായി കവരുകയാണ്.
തീരവാസികൾ ഭീതിയിൽ
വീടിനോട് ചേർന്നുള്ള ഭൂമി മണിമലയാർ കവർന്നെടുത്തത്തോടെ മനസമാധാനം നഷ്ടപ്പെട്ട സ്ഥിതിയിലാണ് പലകുടുംബങ്ങളും. ജീവിക്കാൻ മറ്റ് സ്ഥലം ഇല്ലാത്തതിനാൽ തീര വാസികൾ ഭീതിയിലാണ്. ഡാമുകളൊന്നും ഇല്ലാത്തതിനാൽ മഴ കനത്താലുടൻ മണിമലയാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതും ജനങ്ങളിൽ ഭീതി വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതുകാരണം രാത്രി കിടന്നുറങ്ങാൻ പോലും പലർക്കും കഴിയുന്നില്ല.
നിവേദനം നൽകി
മണിമലയാറിന്റെ തീരവാസികളായ പാവപ്പെട്ട ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ അടിയന്തരമായി സംരക്ഷണഭിത്തി നിർമ്മിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിശാഖ് വെൺപാലയുടെ നേതൃത്വത്തിൽ മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകി.
-നഷ്ടമാകുന്നത് ഏക്കറുകണക്കിന് ഭൂമികൾ
-വീടുകൾ തകർച്ചയിൽ
മണിമലയാറിന്റെ തീരത്തെ ജനവാസ കേന്ദ്രങ്ങളിൽ സർക്കാർ സംരക്ഷണഭിത്തി നിർമ്മിച്ചാൽ ഒരുപരിധിവരെ ഭീഷണി ഒഴിവാക്കാനാകും. വർഷങ്ങളായി ഇവർ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം ആവശ്യപ്പെട്ട് അധികാരികൾക്ക് ഒട്ടേറെ തവണ പരാതികൾ നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല.
നാട്ടുകാർ