പത്തനംതിട്ട : ഓമല്ലൂർ ഗ്രാമപഞ്ചായത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കിടപ്പ് രോഗികൾക്ക് വീടുകളിൽ എത്തി വാക്‌സിൻ നൽകി തുടങ്ങി. വാർഡ് ഒന്ന് ചീക്കനാലിലെ 18 പേർക്കാണ് കോവാക്‌സിൻ ഒന്നാം ഡോസ് നൽകിയത്. ഓരോരുത്തർക്കും കുത്തിവയ്പ്പ് എടുത്ത ശേഷം നിരീക്ഷണം പൂർത്തിയാക്കി ഒരു വോളന്റിയറെ വീട്ടിൽ നിറുത്തിയ ശേഷമാണ് അടുത്ത വീട്ടിലേക്കു പോകുന്നത്. ആകെ 215 കിടപ്പ് രോഗികളാണ് പഞ്ചായത്തിലുള്ളത്. അവർക്ക് ഒരാഴ്ചക്കുള്ളിൽ വാക്‌സിൻ ലഭിക്കുവാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോൺസൺ വിളവിനാൽ പറഞ്ഞു.
ഹെൽത്ത് ഇൻസ്‌പെക്ടർ ജയശ്രീ പണിക്കർ, പബ്ലിക്ക് ഹെൽത്ത് നഴ്‌സ് എസ്.സിന്ധു, ആശ വർക്കർ എൻ.കെ സുമ, വാർഡ് മെമ്പർ മിനി വർഗീസ് എന്നിവരാണ് പാലിയേറ്റീവ് വാക്‌സിനേഷൻ പദ്ധതിക്ക് നേതൃത്വം നൽകിയത്. കൂടാതെ വോളന്റീയർമാരായ റോജൻ റോയി, റോഷൻ റോയി തോമസ്, വിഷ്ണു എസ് ദാസ് എന്നിവരും ആരോഗ്യവിഭാഗത്തെ സഹായിക്കാനുണ്ട്.