അടൂർ: അടൂർ ഇ.വി റോഡിന്റെയും കരുവാറ്റ - തട്ട റോഡിന്റെയും നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. അടൂർ ചേന്ദംപള്ളിയിൽ നിന്ന് ആരംഭിച്ച് പെരിങ്ങനാട് ക്ഷേത്രം വഴി കടന്നുപോകുന്ന ഇ.വി റോഡിന്റെയും കരുവാറ്റ - തട്ട റോഡിന്റെയും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചുവെങ്കിലും ഇപ്പോൾ നിർമ്മാണം നിലച്ച നിലയിലാണ്. ഇ.വി റോഡിനെ ചൊല്ലി യാത്രാ ദുരിതത്തെ സംബന്ധിച്ച് 'ഇ.വി ചിരിക്കുന്നു, ഈ റോഡ് കണ്ട് എന്ന തലക്കെട്ടിൽ കേരള കൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. മെറ്റിൽ വിരിച്ചിട്ട് യാത്രക്കാരുടെ വഴിമുടക്കിയിട്ട് മൂന്ന് മാസത്തിലേറെയായി. ഇതുവഴി യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടിനെതിരെ ജനരോക്ഷമുയർന്നതിനെ തുടർന്നായിരുന്നു വാർത്ത. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ബന്ധപ്പെട്ട പൊതുമരാമത്ത് റോഡ്സ് വിഭാഗം ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം തിരുവനന്തപുരത്തെ ചേംബറിൽ വിളിച്ച് ചേർത്ത് ചർച്ച ചെയ്യുകയും എത്രയും വേഗം റോഡ് നിർമ്മാണം പൂർത്തീകരിച്ച് ഗതാഗതത്തിന് തുറന്ന് കൊടുക്കാനുള്ള നിർദ്ദേശവും നൽകി ഡെപ്യൂട്ടി സ്പീക്കർ വിളിച്ചുചേർത്ത യോഗത്തിൽ പി.ഡബ്ല്യു.ഡി റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ ബി.വിനു, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ ബി.ബിനു തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. രണ്ട് ദിവസത്തിനുള്ളിൽ ഇ.വി റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ടാർചെയ്യുന്ന രണ്ട് റോഡുകളുടേയും കരാറുകാർക്ക് പൊതുമാരത്ത് അടിയന്തര നോട്ടീസ് ഇന്ന് നൽകും. ഇനിയും ഗുരുതരമായ വീഴ്ച വരുത്തിയാൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പു നൽകി.

ചിറ്റയം ഗോപകുമാർ

ഡെപ്യൂട്ടി സ്പീക്കർ

2 ദിവസത്തിനുള്ളിൽ പണി തുടങ്ങും