student

പത്തനംതിട്ട : വിദേശരാജ്യങ്ങളിൽ പഠിക്കാനായി പോകുന്ന വിദ്യാർത്ഥികൾക്കും ജോലിക്കായി പോകുന്നവർക്കും കൊവിഡ് വാക്സിൻ നൽകാൻ നിർദേശം ഉണ്ടെങ്കിലും മറ്റു സംസ്ഥാനത്ത് പഠനത്തിന് പോകുന്നവർക്ക് സൗജന്യവാക്സിൻ ലഭിക്കുന്നില്ല. സ്വന്തം ചെലവിൽ വാക്സിൻ എടുത്താണ് വിദ്യാർത്ഥികൾ പോകുന്നത്. നഴ്സിംഗ്, മറ്റ് പാരാമെഡിക്കൽ കോഴ്സുകൾ എന്നിവ പഠിക്കുന്നവർക്ക് വാക്സിൻ നിർബന്ധമാക്കിയിട്ടുണ്ട്. കോളേജുകളും വിദ്യാർത്ഥികൾ വാക്സിൻ സ്വീകരിച്ചിട്ടുണ്ടോയെന്ന് പരിശോധന നടത്തുന്നുണ്ട്.

അന്യസംസ്ഥാനങ്ങളിൽ പഠനം നടത്തുന്നവരിൽ ഭൂരിഭാഗവും സാധാരണക്കാരായ വിദ്യാർത്ഥികളാണ്. ഇവർ പണം മുടക്കി സ്വകാര്യ ആശുപത്രിയിൽ നിന്ന് വാക്സിൻ സ്വീകരിക്കുകയാണ് ഇപ്പോൾ. ഒരു വാക്സിൻ ഡോസിന് 950 രൂപയാണ് സ്വകാര്യ ആശുപത്രി ഈടാക്കുന്നത്. ജില്ലയിൽ അടൂർ ലൈഫ് ലൈൻ മാത്രമാണ് വാക്സിൻ വിതരണം നടത്താൻ അനുമതി ലഭിച്ചിട്ടുള്ള ഏക ആശുപത്രി. ലോക്ക് ഡൗണിൽ ജോലി പോലുമില്ലാതെ ബുദ്ധിമുട്ടുന്ന സാധാരണക്കാരുടെ മക്കൾക്ക് പണം നൽകി വാക്സിൻ സ്വീകരിക്കേണ്ട ഗതികേടാണുള്ളത്.

നിരവധി പരാതികൾ ആരോഗ്യവകുപ്പിന് ഫോണിലും അല്ലാതെയും ലഭിക്കുന്നുമുണ്ട്. പതിനെട്ട് വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ നൽകിയാൽ ഈ പ്രശ്നം പരിഹരിക്കാനാകും.

വിദ്യാർത്ഥികൾ മടങ്ങിയെത്താൻ കോളേജിൽ നിന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. പണം മുടക്കി വാക്സിൻ എടുത്തു പഠനത്തിന് പോകേണ്ട സാഹചര്യമാണുള്ളത്.

ജോമോൾ ജോസഫ്

നഴ്സിംഗ് വിദ്യാർത്ഥിനി

മാംഗ്ളൂർ

സ്വകാര്യ ആശുപത്രികളിൽ

വാക്സിൻ നിരക്ക് : 950 രൂപ

ദിവസവും രണ്ടായിരത്തിനോടടുത്ത ഡോസുകളാണ് ആകെ വിതരണം നടത്തുന്നത്. ഇതിൽ അഞ്ഞൂറിൽ താഴെ ഡോസ് വിദേശരാജ്യങ്ങളിൽ പഠിക്കാനായി പോകുന്ന പതിനെട്ട് കഴിഞ്ഞ വിദ്യാർത്ഥികൾക്കാണ് നൽകുന്നത്.