പന്തളം : പന്തളത്തെ ജനങ്ങളുടെ പ്രധാന വിഷയമായ ടൗൺ മാസ്റ്റർ പ്ലാൻ നിർദ്ദേശങ്ങളെ പറ്റിപ്പോലും ചർച്ച ചെയ്യാനോ തീരുമാനമെടുക്കാനോ കഴിയാത്ത മുനിസിപ്പൽ ഭരണ സമിതി പന്തളത്തെ ജനങ്ങൾക്ക് ശാപമാണെന്നും പന്തളത്തെ ജനങ്ങളോട് പ്രതിബദ്ധതയുണ്ടെങ്കിൽ ചെയർപേഴ്‌സൺ തൽസ്ഥാനം രാജിവച്ച് മാതൃക കാട്ടണമെന്നും യു.ഡി.എഫ് പാർലമെന്ററി പാർട്ടി ആവശ്യപ്പെട്ടു .
നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ വീടു വയ്‌ക്കേണ്ടവർക്ക് പെർമിറ്റ് ലഭിക്കുന്നില്ല. ജില്ലാ ടൗൺ പ്ലാനിംഗ് ഡിപ്പാർട്ടുമെന്റ് അടുത്ത 20 വർഷത്തെ വികസനം ലക്ഷ്യമാക്കി തയാറാക്കിയ മാസ്റ്റർ പ്ലാൻ ഒട്ടേറെ അപാകതകൾ നിറഞ്ഞതാണ്. മാസ്റ്റർ പ്ലാനേ സംബന്ധിച്ച് പരാതി നൽകാൻ അവസരം നൽകിയപ്പോൾ അഞ്ഞൂറിലധികം പരാതികൾ ലഭിച്ചെങ്കിലും അതിൻമേൽ ഹിയറിംഗ് നടത്തി നാട്ടുകാരുടെ പരാതി കേൾക്കാനോ നടപടി സ്വീകരിക്കാനോ മുനിസിപ്പൽ അധികാരികൾ തയാറായിട്ടില്ല. ടൗൺ പ്ലാൻ ഉദ്യോഗസ്ഥർ നേരിട്ടു ഹാജരാകാമെന്ന് സമ്മതിച്ചു സമയക്രമം തീരുമാനിച്ചിരുന്നെങ്കിലും മുനിസിപ്പൽ ഭരണാധികാരികൾ വേണ്ടത്ര ഗൗരവം ഇക്കാര്യത്തിൽ കാണിച്ചില്ല. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിന്നതിനാൽ തീയതി നീട്ടി കിട്ടുമെന്ന പ്രതീക്ഷയും ഇല്ലാതായി അതുമൂലം അശാസ്ത്രീയമായി വീതി നിർദ്ദേശിച്ചിട്ടുള്ള റോഡുകളുടെ ഇരുവശങ്ങളിലുമുള്ള വീടുകൾക്ക് പെർമിറ്റ് നൽകണമെങ്കിൽ മാസ്റ്റർ പ്ലാൻ നിബന്ധനകൾ പാലിച്ചേ മതിയാകു എന്ന അവസ്ഥയിലാണ്. പത്തും അതിൽ താഴെയും വസ്തു ഉള്ളവർക്ക് വീട് എന്ന സ്വപ്‌നം ഇതുമൂലം അപ്രാപ്യമാവുകയാണ്. ഇതു മാത്രമല്ല വിവിധ സോണുകളായി തിരിച്ചിട്ടുള്ളതിലും വൻ ക്രമക്കേടുകൾ നടന്നിട്ടുണ്ട്. ഇതൊക്കെ പരിശോധിക്കാൻ പരാതിക്കാരെ വിളിച്ച് ഹിയറിംഗ് നടത്തി പ്രശ്‌നങ്ങൾ ബോധ്യപ്പെട്ട് അടിയന്തര നടപടി സ്വീകരിക്കണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു. യോഗത്തിൽ കെ ആർ.വിജയകുമാർ, കെ.ആർ രവി,പന്തളം മഹേഷ്,സുനിതാ വേണു, രത്‌നമണി സുരേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.