പത്തനംതിട്ട: റവന്യു വകുപ്പിന്റെ ഉത്തരവ് മറയാക്കി റാന്നി - കോന്നി ഫോറസ്റ്റ് ഡിവിഷനുകളിൽപ്പെട്ട ചിറ്റാർ, സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകളിൽ നിന്നായി ലക്ഷങ്ങൾ വിലമതിക്കുന്ന തേക്ക് ഉൾപ്പെടെയുള്ള മരങ്ങൾ മുറിച്ചു കടത്തിയ സംഭവത്തെക്കുറിച്ച് അടിയന്തര അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. വ്യാപകമായ രീതിയിൽ അനധികൃതമായി മരം മുറിച്ച് കടത്തുവാൻ പാസ് നല്കിയ റവന്യു, ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം വേണമെന്നും മുട്ടിൽ വനം കൊള്ള അന്വേഷിക്കുവാൻ ഇപ്പോൾ സർക്കാർ രൂപീകരിച്ചിരിക്കുന്ന ഉന്നതല സമിതിയെക്കൊണ്ട് സമാന രീതിയിൽ റാന്നി, കോന്നി ഫോറസ്റ്റ് ഡിവിഷനിൽ നടത്തിയിട്ടുള്ള മരം മുറി സംഭവവും അന്വേഷിപ്പിക്കണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി സർക്കാരിനോടും ബന്ധപ്പെട്ട മറ്റ് അധികൃതരോടും ആവശ്യപ്പെട്ടു. പരാതി മുഖ്യമന്ത്രി വനം മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവർക്ക് നല്കുമെന്നും അദ്ദേഹം അറിയിച്ചു.