തണ്ണിത്തോട് : പഞ്ചായത്തിലെ കെ. കെ.പാറയിൽ തെരുവ് നായ്ക്കൾ ചത്ത് വീഴുന്നത് വൈറസ് ബാധയാണെന്ന ആശങ്കയിൽ നാട്ടുകാർ. കഴിഞ്ഞ രണ്ടാഴ്ചയായി കെ.കെ.പാറയിൽ പലയിടങ്ങളിലായി നായ്ക്കൾചത്ത് വീഴുകയാണ്. പറമ്പിലും റോഡിലുമായി നായ്ക്കൾ ചത്തുവീണ് ദിവസങ്ങൾ കഴിഞ്ഞ് ദുർഗന്ധം വമിക്കുമ്പോഴാണ് പലരും വിവരമറിയുന്നത്. പല നായ്ക്കളും ശബ്ദമുണ്ടാക്കി കറങ്ങി നടക്കുന്നതായും, പ്രദേശത്തെ നായ്ക്കളിൽ വൈറസ് പോലുള്ള ലക്ഷണങ്ങൾ കണ്ടുവരുന്നതായും നാട്ടുകാർ പറയുന്നു. വൈറസ് ബാധമൂലമാണ് നായ്ക്കൾ ചാകുന്നതെങ്കിൽ നാട്ടിലെ മറ്റുനായ്ക്കൾക്കും ഇതു പകരുമോ എന്ന ആശങ്കയും നാട്ടുകാർക്കുണ്ട്. തണ്ണിത്തോട് മൃഗാശുപത്രിയിൽ വിവരമറിയിച്ചിട്ടും രോഗം സ്ഥിരിക്കുകയോ ചികിത്സ നിർദ്ദേശിക്കുകയോ ചെയ്തിട്ടില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. അടുത്തിടെയായി ഇവിടെ എത്തിയ വെറ്ററിനറി ഡോക്ടർ സ്ഥിരമായി എത്തുന്നില്ലന്നും ഫോൺ ചെയ്താൽ എടുക്കുന്നില്ലന്നും പരാതി ഉയരുന്നുണ്ട്.