മല്ലപ്പള്ളി: വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന 130 ലിറ്റർ കോടയും, 5 ലിറ്റർ ചാരായവും, വാറ്റുപകരണങ്ങളും എക്‌സൈസ് സംഘം പിടികൂടി. റെയ്ഞ്ച് ഇൻസ്‌പെക്ടർ കെ.ബി. ബിനുവിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ കോട്ടാങ്ങൽ പാടിമണ്ണിലാണ് സംഭവം. 30 ലിറ്റർ കൊള്ളുന്ന കന്നാസുകളിലും വലിയ പാത്രങ്ങളിലുമായി വീടിന്റെ ശുചിമുറിയിലും മറ്റുമാണ് ഇവ സൂക്ഷിച്ചിരുന്നത്. ലോക്ഡൗണിന്റെ മറവിൽ വാണിജ്യാടിസ്ഥാനത്തിലാണ് ഇവ തയാറാക്കിയിരുന്നതെന്ന് എക്‌സൈസ് പറയുന്നു. ഗ്രാമപ്രദേശങ്ങളിൽ പലയിടത്തും വ്യാജ ചാരായ സുലഭമാണെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. പ്രിവന്റീവ് ഓഫിസർ ആർ.രമേശ് ബാബു, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജി.വിജയദാസ്, മുഹമ്മദ് ഹുസൈൻ, അനുപ്രസാദ്, രാഹുൽ സാഗർ എന്നിവരുടെ സംഘമാണ് കേന്ദ്രങ്ങൾ കണ്ടെത്തിയത്. കേസിൽ പ്രതി ചേർക്കപ്പെട്ടവർക്കായി അന്വേഷണം ഊർജ്ജിതപ്പെടുത്തിയതായി ഇൻസ്‌പെക്ടർ പറഞ്ഞു.