തിരുവല്ല: കൊവിഡ് പ്രതിസന്ധിമൂലം ദുരിതമനുഭവിക്കുന്ന ചെറുകിട വ്യാപാരികൾ, പെട്ടിക്കടകൾ, രോഗബാധിതർ, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർ, ചുമട്ട് തൊഴിലാളികൾ എന്നിവർക്ക് തിരുവല്ല മർച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഭക്ഷ്യധാന്യകിറ്റുകളും ചികിത്സാ ധനസഹായവും മരുന്നുകളും മാസ്‌ക്കുകളും സാനിട്ടൈസറുകളും വിതരണം ചെയ്തു. തിരുവല്ലയുടെ വിവിധ പ്രദേശങ്ങളിലുള്ള നൂറോളം പേർക്കാണ് നൽകിയത്. ഇതുകൂടാതെ സർക്കാർ ആശുപത്രിയിലെ രോഗികൾക്ക് ഒരുമാസത്തെ സൗജന്യ ഭക്ഷണം, വൈ.എം.സി.എ വികാസ് സ്‌കൂളിന് സാമ്പത്തിക സഹായം, പുഷ്പഗിരി ആശുപത്രിയിൽ സൗജന്യ ഡയാലിസിസ് ചെയ്യുന്നതിനുള്ള ധനസഹായം, കാൻസർ ബാധിച്ചു മരണപ്പെട്ട ചുമട്ടുതൊഴിലാളിയുടെ കുടുംബത്തിന് ഭവനനിർമ്മാണത്തിന് ധനസഹായം എന്നിവയും വിതരണം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എം.സലിമിന്റെ നേതൃത്വത്തിൽ ജനറൽ സെക്രട്ടറി എം.കെ.വർക്കി, ട്രഷറർ മാത്യൂസ് കെ.ജേക്കബ്, ഷിബു പുതുക്കേരിൽ, രഞ്ജിത്ത് ഏബ്രഹാം, ബിനു ഏബ്രഹാം കോശി, പി.എസ്.നിസാമുദ്ദീൻ, ജി.ശ്രീകാന്ത് എന്നിവർ പങ്കെടുത്തു.