പത്തനംതിട്ട: മലയാളത്തിലെ നിരുപണ സാഹിത്യത്തിലെ ശ്രദ്ധേയമായ സാന്നിദ്ധ്യമായിരുന്നു ഡോ.ആർ ഭദ്രനെന്ന് കവി കുരീപ്പുഴ ശ്രീകുമാർ പറഞ്ഞു. ഡോ.ആർ ഭദ്രൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ഭദ്ര സ്മൃതി 21'ൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സംസ്ഥാന ലൈബ്രറി കൗൺസിൽ എക്‌സിക്യുട്ടീവ് അംഗം പ്രൊഫ. ടി.കെ.ജി നായർ ഉദ്ഘാടനം ചെയ്തു. ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.ആർ. ഭദ്രൻ അക്ഷരവും രാഷ്ട്രീയവും എന്ന വിഷയത്തെ അധികരിച്ചു ഡോ.പി.കെ ഗോപൻ പ്രഭാഷണം നടത്തി.രവിവർമ തമ്പുരാൻ, ഫൗണ്ടേഷൻ പ്രസിഡന്റ് ജെ.എസ്. അനന്തകൃഷ്ണൻ, ശിഷ്യരും സുഹൃത്തുക്കളും അടക്കമുള്ളവർ ഡോ.ആർ.ഭദ്രനെ അനുസ്മരിച്ചു. പത്തനംതിട്ട എഴുത്തുകൂട്ടവുമായി സംഘടിപ്പിച്ചു നടത്തിയ കവിയരങ്ങ് കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു.
ഡോ ആർ ഭദ്രൻ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഇന്റർ ഡിസിപ്ലിനറി അന്തർ ദേശീയ വെബിനാർ സ്മൃതി 2021 ഫൗണ്ടേഷൻ ചെയർമാൻ ബെന്യാമിൻ നാളെ വൈകിട്ട് 5.30ന് ഉദ്ഘാടനം ചെയ്യും. ഡോ ആർ ഭദ്രന്റെ സ്മരണാർത്ഥം കോളജ് അദ്ധ്യാപന രംഗത്തും അക്കാദമിക് രംഗത്തും മികവ് പുലർത്തുന്ന പ്രതിഭകൾക്ക് സമ്മാനിക്കുന്ന ഗുരുശ്രേഷ്ഠാ പുരസ്‌കാരം അന്നേ ദിവസം പ്രഖ്യാപിക്കും. ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന വെബിനാറുകൾ അരങ്ങേറും.