പത്തനംതിട്ട: ലോക രക്തദാന ദിനത്തിന്റെ ഭാഗമായി പത്തനംതിട്ട സെന്റ്മേരീസ് സ്കൂൾ അദ്ധ്യാപകൻ ബിനു കെ. സാമിനെ ആരോഗ്യ വകുപ്പ് ആദരിച്ചു. സംസ്ഥാന തലത്തിൽ പത്തുപേരെയാണ് ആദരിച്ചത്. ഓൺലൈൻ സംഗമത്തിൽ ആരോഗ്യ വകുപ്പുമന്ത്രി വീണാ ജോർജാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. തേക്കുതോട് സ്വദേശിയായ ബിനു അൻപത്തിയാറ് തവണ രക്തദാനം നടത്തിയിട്ടുണ്ട്. ലോകരക്തദാനദിനം, രക്തസാക്ഷിദിനം, സ്വന്തം ജന്മദിനം എന്നീ ദിനങ്ങളിലാണ് മുടങ്ങാതെ രക്തം ദാനം ചെയ്യുന്നത്.
രക്തദാനത്തിന്റെ സന്ദേശം കുട്ടികളിലെത്തിക്കാൻ ജ്യോതിർഗമയ എന്ന ഹ്രസ്വചിത്രം പഠനപ്രവർത്തനത്തിന്റെ ഭാഗമായി തയ്യാറാക്കിയിട്ടുണ്ട്. ആയിരത്തിലധികം വേദികളിൽ പരിശീലകനായ ബിനു കെ.സാം തന്റെ പരിപാടികളിലെല്ലാം രക്തദാന സന്ദേശം നൽകുന്നു. 'രക്തദാനം രക്ഷാദാനം' എന്ന മുദ്രാവാക്യം കുട്ടികൾക്ക് പകരുന്ന ഇദ്ദേഹത്തെ ആരോഗ്യ വകുപ്പ് ജില്ലാതലത്തിൽ നാലുതവണ ആദരിച്ചിട്ടുണ്ട്.