നടപടി കേരളകൗമുദി വാർത്തയെ തുടർന്ന്
അടൂർ : ഹാസ്യചക്രവർത്തി ഇ. വി കൃഷ്ണപിള്ളയുടെ സ്മരണാർത്ഥമുള്ള ചേന്ദംപള്ളി - നെല്ലിമുകൾ റോഡിന്റെ (ഇ.വി റോഡ്) ശനിദശയ്ക്ക് പരിഹാരമാകുന്നു. നിർമ്മാണം പുനരാരംഭിക്കുന്നതിനുള്ള നടപടികൾ ഇന്നലെ ആരംഭിച്ചു. കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് നടപടി. കരാറുകാരന് പൊതുമരാമത്ത് വകുപ്പ് പന്തളം റോഡ് സെക്ഷൻ ഇന്നലെ നോട്ടീസ് നൽകിയതിന് പിന്നാലെ നിർമ്മാണ സാധനങ്ങൾ ഇന്നലെ എത്തിച്ചു. ചെറുപാറപടിയിലെ ചപ്പാത്തിന്റെ ഭാഗത്ത് പുതിയ പൈപ്പ് കലുങ്ക് സ്ഥാപിക്കുന്ന ജോലിയാണ് ഇഴഞ്ഞുനീങ്ങിയത്. 1.2 വ്യാസമുള്ള പൈപ്പ് ജല നിർഗമനത്തിനായി സ്ഥാപിച്ചെങ്കിലും ഇവിടെ റോഡ് ഉയർത്തേണ്ട ജോലിയാണ് ഇഴഞ്ഞുനീങ്ങിയത്. ഇതിനായി വയൽ ഭാഗത്ത് റോഡിന്റെ ഇരുവശങ്ങളിലും നിശ്ചിത ഉയരത്തിൽ സംരക്ഷണ ഭിത്തി നിർമ്മിച്ചാൽ മാത്രമേ ഇൗ ഭാഗം ഉയർത്തി മെറ്റിൽ നിരത്താനാകു. ഇന്ന് അതിനുള്ള ജോലികൾ തുടങ്ങും. ഇൗ ഭാഗം കുഴിച്ചിട്ട് വിലിയ പൈപ്പ് സ്ഥാപിച്ചെങ്കിലും സംരക്ഷണ ഭിത്തി നിർമ്മിക്കാഞ്ഞതിനാൽ നിരത്തിയിട്ട മെറ്റിൽ മുഴുവൻ മഴയിൽ തോട്ടിലേക്ക് ഒലിച്ചിറങ്ങിയിരുന്നു. ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അടിയന്തരയോഗം വിളിച്ചുചേർത്ത് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയതിനെ തുടർന്നാണ് കരാറുകാരന് നോട്ടീസ് നൽകിയത്.
ഇന്ന് പ്രതിഷേധ ധർണ
ഇ.വി റോഡ് അടിയന്തരമായി ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് രാവിലെ 9.30 മുതൽ കോൺഗ്രസ് പെരിങ്ങനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേന്ദംപള്ളി ക്ഷേത്രജംഗ്ഷനിൽ പ്രതിഷേധ ധർണ നടത്തും
ലോക്ക് ഡൗൺ മൂലം തൊഴിലാളികളെ ലഭിക്കാതെ വന്നതിനാലാണ് നിർമ്മാണം നിറുത്തിവയ്ക്കേണ്ടിവന്നത്. മഴയും തടസ്സമായി. റോഡ് ഉയർത്തുന്ന ഭാഗത്തെ സംരക്ഷണ ഭിത്തിയുടെ നിർമ്മാണം ഇന്ന് ആരംഭിക്കും. ആവശ്യമായ സാധനങ്ങൾ ഇന്നലെ എത്തിച്ചു
.
കൊച്ചിടിച്ചാണ്ടി മുതലാളി,
കരാറുകാരൻ.
.