തിരുവല്ല: മഴക്കാലത്തും കുടിവെള്ളം കിട്ടാതെ കോളനിവാസികൾ. കവിയൂർ ഗ്രാമപഞ്ചായത്തിൽ 14-ാം വാർഡ് കോട്ടൂർ -കുരുതികാമൻകാവ് റവന്യൂ കോളനിയിലെ അമ്പതോളം കുടുംബങ്ങളാണ് കുടിവെള്ളം കിട്ടാതെ വലയുന്നത്. ഏറെക്കാലമായി ഇവിടുത്തെ പൊതു പൈപ്പുകൾ ഒന്നും തന്നെ ഉപയോഗയോഗ്യമല്ല. ഭൂരിപക്ഷം വീടുകളിലും കിണറുകളും ഇല്ല. പഞ്ചായത്തിലെ ജലനിധി പദ്ധതിയിലൂടെ പൈപ്പ് കണക്ഷൻ ഉണ്ടെങ്കിലും മാസത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം മാത്രമാണ് വെള്ളം കിട്ടുന്നത്. കോളനി പ്രദേശത്ത് ഇപ്പോൾ കൊവിഡ് വ്യാപകമായതിനാൽ അടുത്തുള്ള കിണറുകളിൽ പോയി ശുദ്ധജലം സംഭരിക്കാനും ഈ കുടുംബങ്ങൾക്ക് സാധിക്കുന്നില്ല. ഇതുകാരണം കോളനിവാസികൾ കടുത്ത ദുരിതത്തിലാണ്.
കുടിവെള്ള സംഭരണിയിൽ നിന്നും വെള്ളം ലഭിക്കുന്നില്ല
കവിയൂർ പഞ്ചായത്തിൽ കുടിവെള്ളം എത്തിക്കുന്നതിനായി ഇലവിനാൽ മലയിലെ കുടിവെള്ള സംഭരണി സ്ഥാപിച്ചിരിക്കുന്നത് കോളനിയുടെ സമീപത്താണ്. സംഭരണിയിൽ നിന്നും പൈപ്പുകളും കോളനിയുടെ സമീപത്തുകൂടി കടന്നുപോകുന്നുണ്ട്. എന്നാൽ നാട്ടുകാർക്ക് കുടിവെള്ള സംഭരണിയിൽ നിന്നും വെള്ളം കിട്ടാത്തതും പ്രതിഷേധം ഉയർത്തിയിട്ടുണ്ട്.
നാട്ടുകാരുടെ ആവശ്യം
കോളനി പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുവാൻ ടാങ്കർ ലോറിയിൽ ജലം എത്തിച്ചുനൽകണമെന്നും ജലനിധി പൈപ്പ് കണക്ഷനിലൂടെ തുടർച്ചയായി കുടിവെള്ളം ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് കവിയൂർ മണ്ഡലം പ്രസിഡന്റ് മണിരാജ് പുന്നിലം പഞ്ചായത്ത് അധികൃതർക്ക് നിവേദനം നൽകി.
പ്രദേശത്ത് കൊവിഡും വ്യാപകം
----------------------------------------------------
-കോളനിയിലെ 50 കുടുംബങ്ങൾ ദുരിതത്തിൽ
-പൊതു പൈപ്പുകൾ ഒന്നും ഉപയോഗത്തിലില്ല
-ഭൂരിപക്ഷം വീടുകളിലും കിണറുകളില്ല