പന്തളം: പന്തളം നഗരസഭയിലെ ഭരണം അട്ടിമറിയ്ക്കുവാനും, ഭരണ സ്തംഭനമുണ്ടാക്കുവാനും സർക്കാരും സി.പി.എമ്മും ശ്രമിയ്ക്കുന്നുവെന്ന ചെയർ പേഴ്‌സന്റെ പ്രസ്താവനയോട് പ്രതികരിച്ച് പന്തളം നഗരസഭയിലെ എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് ലസിതാ നായർ. വൻ ഭൂരിപക്ഷത്തിൽ കേരളത്തിൽ തുടർ ഭരണം നടത്തുന്ന സർക്കാർ കേവലമൊരു തദ്ദേശഭരണ സമിതിയെ അട്ടിമറിക്കുവാൻ ശ്രമിയ്ക്കുന്നു എന്ന ചെയർ പേഴ്‌സൺ സുശീലാസന്തോഷിന്റെ അഭിപ്രായം അടിസ്ഥാനരഹിതമാണ്. കേവല ഭൂരിപക്ഷത്തിൽ അധികാരത്തിൽ വന്ന ബി.ജെ.പി. ഭരണസമിതി കെടുകാര്യസ്ഥതയുടേയും, അഴിമതിയുടേയും പിടിപ്പുകേടിന്റെയും പര്യായമായി മാറിയിരിയ്ക്കുകയാണ്. മുൻസിപ്പൽ ഭരണത്തെക്കുറിച്ച് ചിന്തയും, വിവരവും, കാര്യപ്രാപ്തിയുമില്ലാതെ നിലാവത്തഴിച്ചുവിട്ട കോഴിയുടെ അവസ്ഥയിലാണ് ഭരണ സമിതി എന്ന് ലസിതാനായർ പരിഹസിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പിലെ പാളിച്ചയിൽ തുടങ്ങി ബഡ്ജറ്റും പദ്ധതിയും തയാറാക്കുവാൻ കഴിയാത്ത അനാസ്ഥയിലെത്തി നിൽക്കുന്നു കാര്യങ്ങൾ. ജീവനക്കാരുമായി യോജിച്ചുപോകുവാൻ ഭരണ സമിതിയ്ക്ക് കഴിയുന്നില്ലെന്നും ലസിതാ നായർ ആരോപിച്ചു.