മണക്കാല : ആദരിക്കാൻ പേരിട്ടു. സംരക്ഷിക്കാതെ അവഗണിച്ചു. പറഞ്ഞു വരുന്നത് മണക്കാലയിൽ നിന്ന് ആരംഭിക്കുന്ന അടൂർ ഗോപാലകൃഷ്ണൻ റോഡിനെകുറിച്ചാണ്. പൊട്ടിപൊളിഞ്ഞ് യാത്രക്കാരന്റെ നടുവൊടിയുകയാണ് ഈ റോഡിലൂടെ യാത്ര ചെയ്താൽ. ലോകമറിയുന്ന ചലചിത്ര പ്രതിഭ അടൂർ ഗോപാലകൃഷ്ണനോടുള്ള ജന്മനാടിന്റെ ആദരവായാണ് മണക്കാലയിൽ നിന്ന് ആരംഭിച്ച് ചിറ്റാണി മുക്കിൽ അവസാനിക്കുന്ന റോഡിന് അടൂർ ഗോപാലകൃഷ്ണന്റെ പേര് നൽകിയത്. ജില്ലാപഞ്ചായത്തിന്റെ അധീനതയിലുള്ള റോഡിന് പഴകുളം മധു ജില്ലാ പഞ്ചായത്ത് അംഗമായിരുന്നപ്പോഴാണ് അടൂർ ഗോപാലകൃഷ്ണൻ റോഡ് എന്ന് പേരിട്ടത്. അടൂരിന്റെ സാനിദ്ധ്യത്തിൽ 2014 മേയ് 17ന് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയാണ് മെയിന്റെനൻസ് നടത്തിയ റോഡിന്റെ ഉദ്ഘാടനം നടത്തി റോഡിന്റെ പേരു പ്രഖ്യാപിച്ചത്. അതിനു ശേഷം കാര്യമായ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. റോഡിന്റെ വശങ്ങൾ കോൺക്രീറ്റ് ചെയ്തു.
റോഡിൽ വലിയ കുഴികൾ
മണക്കാല മുതൽ ചിറ്റാണിമുക്ക് വരെയും റോഡ് നിറയെ ചെറിയ കുഴികളാണ്. സുഗമമായി യാത്ര ചെയ്യാൻ കഴിയില്ല. അടൂരിന്റെ കുടുംബ വീടും, അടൂർ പ്രൈമറി വിദ്യാഭ്യാസം നേടിയ കൊട്ടറ എൽ.പി സ്കൂളും ഈ റോഡരുകിലാണ്. റോഡ് പൊട്ടിപൊളിഞ്ഞ് കിടക്കുന്നത് നാട്ടിൽ സാധാരണയാണെങ്കിലും ഒരു വിശ്വപൗരന്റെ പേര് ആ റോഡിന് നൽകിയിട്ട് സംരക്ഷിക്കാതിരിക്കുന്നത് അദ്ദേഹത്തോടുള്ള അവഗണനയാണന്ന വികാരമാണ് ജനങ്ങൾക്ക്.
-----------------
ജില്ലാ പഞ്ചായത്തംഗമായപ്പോഴെ ഈ റോഡിന്റെ ശോചീയാവസ്ഥ ശ്രദ്ധയിൽ പെട്ടിരുന്നു. ബി.എം ആൻഡ് ബി.സി നിലവാരത്തിൽ റോഡ് ടാർ ചെയ്യാൻ 1.58. ലക്ഷം രൂപ അനുവദിച്ചു. ടെൻഡർ നടപടികൾ പുരോഗമിക്കുന്നു. ഉടൻ ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കും.
കെ.കൃഷ്ണകുമാർ
ജില്ലാ പഞ്ചായത്തംഗം .