ചുങ്കപ്പാറ: ചുങ്കപ്പാറയേയും പൊന്തൻ പുഴയേയും ബന്ധിപ്പിക്കുന്നതും പത്തനംതിട്ട -കോട്ടയം ജില്ലാ അതിർത്തികളെ ബന്ധിപ്പിക്കുന്നതുമായ ചുങ്കപ്പാറ ആലപ്ര റിസർവ്റോഡ് കുഴിയും വെള്ളക്കെട്ടും ചെളിയുമായി വാഹനങ്ങൾക്കും കാൽനടക്കാർക്കും യാത്ര ചെയ്യാൻ പറ്റാത്ത സ്ഥിതിയിലാണ്. റോഡിന്റെ വീതിക്കുറവും സൈഡുകളിലെ ഓടക്ക് മൂടിയില്ലാത്തതും ഇരു സൈഡുകളിലെ കട്ടിങ്ങുകളും നിരന്തരം അപകടങ്ങൾക്ക് കാരണമാകുന്നു. ചുങ്കപ്പാറ പള്ളിപ്പടിക്കലെ അപകടകരമായ പാലവും പൊളിച്ചുപണിയണമെന്ന ആവശ്യവും ഇതുവരെ നടപ്പിലായിട്ടില്ല. ജനപ്രതിനിധികളും, പൊതുമരാമത്ത് അധികൃതരും നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.