പുല്ലാട് : ഐരാക്കാവ് മാവുട്ടുംപാറ റോഡ് തകർന്നു കാൽനട യാത്ര പോലും ദുഷ്‌കരമായി. കോയിപ്രം പഞ്ചായത്ത് രണ്ടാം വാർഡിലെ ഐരാക്കാവ് , മാവുട്ടും പാറ നിവാസികളാണ് റോഡ് തകർച്ചയെ തുടർന്ന് യാത്രാ സൗകര്യം ഇല്ലാതെ വലയുന്നത്. രണ്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും റോ‌‌‌ഡ് നന്നാക്കാൻ അധികൃതർ നടപടിഎടുത്തിട്ടില്ല.

പഞ്ചായത്ത് അധികൃതർക്ക് പല തവണ പരാതി നൽകിയിട്ടും നടപടി ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. 20 വർഷം മുൻപ് കടമ്മനിട്ട രാമകൃഷ്ണൻ എം.എൽ.എ ആയിരുന്ന സമയത്താണ് റോഡ് ആദ്യമായി ടാറിംഗ് നടത്തിയത്. പിന്നീട് ഇതുവരെ യാതൊരു അറ്റകുറ്റപ്പണികളും നടത്തിയിട്ടില്ല. റോഡിൽ പല സ്ഥലത്തും വഴിവിളക്കുകൾ കത്താതായിട്ട് മാസങ്ങളായി. പരിസരത്തെ കാടുപിടിച്ചു കിടക്കുന്ന തരിശുഭൂമി കാട്ടുപന്നിയുടെ വിഹാര കേന്ദ്രമാണ്. ഇതു കാരണം ചെറുകിട കർഷകർ കൃഷി ഉപേക്ഷിച്ചു.

കുടിവെള്ള ക്ഷാമം രൂക്ഷം

റോഡരികിൽ അൻപതോളം കുടുംബങ്ങൾ താമസിക്കുന്ന ഇവിടെ വേനൽക്കാലത്ത് കുടിവെള്ള ക്ഷാമവും രൂക്ഷമാണ്. പഞ്ചായത്തിന്റെ അധീനതയിലുള്ള റോഡ് വിട്ടുനൽകിയാൽ ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തു നവീകരണ പ്രവർത്തനങ്ങൾ നടത്താമെന്ന് ജില്ലാ പഞ്ചായത്ത് അംഗം ജിജി മാത്യു ഉറപ്പു നൽകിയെങ്കിലും പഞ്ചായത്ത് അധികൃതർ റോഡ് വിട്ടുനൽകാൻ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു

റോഡ് തകർച്ച അടിയന്ത്രമായി പരിഹരിക്കണം

റോഡ് ജില്ലാ പഞ്ചായത്തിന് വിട്ടു നൽകി പ്രദേശത്തെ യാത്രാക്ലേശവും റോഡ് തകർച്ചയും അടിയന്തരമായി പരിഹരിക്കണമെന്ന് ഐരാക്കാവ് റസിഡന്റ്‌സ് അസോസിയേഷൻ പ്രവർത്തക യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ജോൺസൺ കോയത്തോടത്ത്, സെക്രട്ടറി കെ.എസ്.സതീഷ്, നിർമ്മലാ മാത്യൂസ്, കെ.എൻ രാജൻ,ഏബ്രഹാം തോമസ്, മനു രാജൻ, ബ്ലസൻ, എ.ബി. ബനോയ് മാത്യു, എന്നിവർ പ്രസംഗിച്ചു.

-----------------------------------------

-20 വർഷം മുൻപ് ചെയ്ത് ടാറിംഗ്

-അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല

-വഴിവിളക്കുകൾ കത്തുന്നില്ല

-കാടുപിടിച്ചു കിടക്കുന്ന ഭൂമിയിൽ കാട്ടുപന്നികളുടെ വിഹാര കേന്ദ്രം