പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ റാന്നി നീരേറ്റുകാവ് വനംകൊള്ളയെപ്പറ്റി നിയമസഭാ സമിതി അന്വേഷിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് ആവശ്യപ്പെട്ടു. നടുവത്തുമൂഴിയിലും സമാനമായ മരംമുറിക്കൽ നടന്നിട്ടുണ്ട്. അടൂർ-കായംകുളം റോഡിൽ 14ാം മൈലിൽ നടന്ന മരം മുറിയും അന്വേഷിക്കണം. സി.പി.ഐ ജില്ലാ നേതാവിന്റെ നാട്ടിലും സമാനമായ മരംമുറിക്കൽ നടന്നിട്ടുണ്ട്. റാന്നിയിൽ പാറമട തുടങ്ങാനായിട്ടാണ് സ്വകാര്യ വ്യക്തി കോടിക്കണക്കിന് രൂപ വിലമതിക്കുന്ന മരങ്ങൾ മുറിച്ചു കടത്തിയത്. വനം വകുപ്പിലെ ഉന്നതർ കൂടാതെ സി.പി.എം-സി.പി.ഐ ജില്ലാ നേതാക്കൾക്ക് ഇതിലുള്ള പങ്ക് കൂടി അന്വേഷിക്കണം. ഉദ്യോഗസ്ഥരെ പഴിചാരി രക്ഷപെടാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. കല്ലേലി ഹാരിസൺ പ്ലാന്റേഷനിലെ റബർ മരങ്ങൾ മുറിച്ച് നീക്കം ചെയ്തതിന്റെ മറവിൽ പാടം ഫോറസ്റ്റ് സ്റ്റേഷന്റെ പറക്കുളം തേക്ക്കൂപ്പ് ഡമ്പിംഗ് സൈറ്റ് എന്നിവിടങ്ങളിൽ നിന്ന് തേക്ക് തടികൾ 2020ൽ നീക്കം ചെയ്തിരുന്നു. പരാതികൾ ഉയർന്നിട്ടും അന്വേഷണം നടന്നില്ല. നടുവത്തുമൂഴിയിൽ ഫ്‌ളയിംഗ് സക്വാഡ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് പങ്ക് ഉണ്ടായിരുന്നു. കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാൻ, ഡി.സി.സി ഭാരവാഹികളായ ഏബ്രഹാം മാത്യു പനച്ചിമ്മൂട്ടിൽ, വി.ആർ സോജി, രാജു മരുതിക്കൽ, എ.ടി ജോയിക്കുട്ടി, പ്രമോദ് മന്ദമരുതി, ബെന്നി മടത്തുംപടി, മാത്യു തോമസ്, സാംകുട്ടി എന്നിവർ നീരേറ്റ് കാവിലെ മരം മുറിച്ച സ്ഥലം സന്ദർശിച്ചു.