തിരുവല്ല: സംസ്ഥാനത്ത് സർക്കാർ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയിട്ടും പൊതുവിപണിയിൽ മീൻകച്ചവടം തകൃതിയായി നടക്കുന്നു. റോഡരുകിലെ തട്ടുകടകളിലും വാഹനങ്ങളിലും ഓൺലൈനായും ദിവസവും മീൻകച്ചവടം പൊടിപൊടിക്കുകയാണ്. ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയിട്ട് ഒരാഴ്ച കഴിഞ്ഞു. ജൂലൈ 31 വരെ ട്രോളിംഗ് തുടരുന്നതിനാൽ ഇപ്പോൾ മത്സ്യത്തൊഴിലാളികളും ബോട്ടുകളും മീൻ പിടിക്കാൻ കടലിൽ പോകുന്നില്ല. ഇതുകൂടാതെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന കാലാവസ്ഥാ മുന്നറിയിപ്പും സർക്കാർ നൽകിയിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും മീനിന്റെ ലഭ്യതക്കുറവ് വിപണിയിൽ ഉണ്ടായിട്ടില്ല. ഇക്കാര്യം കച്ചവടക്കാരോട് ചോദിച്ചാൽ മത്സ്യത്തൊഴിലാളികൾ വള്ളത്തിൽ പോയി പിടിച്ചു കൊണ്ടുവരുന്നതാണെന്നാണ് അവർ പറയുന്നത്. അതേസമയം പഴകിയ മീനുകളാണ് ഇവർ കച്ചവടം നടത്തുന്നതെന്ന് മീൻ വാങ്ങി ഉപയോഗിച്ചവർ ആരോപിക്കുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്നും മൊത്തക്കച്ചവടക്കാർ ഫോർമാലിൻ ഉൾപ്പെടെയുള്ള രാസവസ്തുക്കൾ ഉപയോഗിച്ച് സൂക്ഷിച്ചവ ഇപ്പോൾ വിപണിയിൽ എത്തിക്കുന്നതാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. മത്തിയും അയലയും ഉൾപ്പെടെയുള്ള മിക്ക മത്സ്യങ്ങളും വിപണിയിൽ കച്ചവടക്കാർ കൊണ്ടുവരുന്നുണ്ട്. അമിതവില ഈടാക്കിയാണ് കച്ചവടം.
പരിശോധനയില്ല.
ലോക്ക് ഡൗൺ കാലത്തും മത്സ്യക്കച്ചവടത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. എന്നാൽ മത്സ്യങ്ങൾ പരിശോധന നടത്തേണ്ട ഭക്ഷ്യ സുരക്ഷാ അധികൃതർ പലരും മറ്റ് ഡ്യൂട്ടികളിലാണ്. നഗരസഭാ ആരോഗ്യവിഭാഗവും പരിശോധനകൾ നടത്തുന്നില്ല. മായം കലർത്തിയതും പഴകിയതുമായ മത്സ്യങ്ങൾ പരിശോധിക്കാൻ ഇപ്പോൾ ആരുമില്ലാത്ത സ്ഥിതിയാണ്.
നാടൻ മത്സ്യങ്ങൾക്ക് പ്രീയമേറി
വീടുകളിലും പാടത്തും മറ്റും വളർത്തുന്ന മത്സ്യങ്ങൾക്ക് പ്രീയമേറിയിട്ടുണ്ട്. കുറഞ്ഞ വിലയിൽ രോഹു കട് ല, തിലോപ്പിയ തുടങ്ങിയ മത്സ്യങ്ങൾ സുലഭമായി വിപണിയിൽ ലഭിക്കും. മഴ ശക്തമായതോടെ ആറ്റുമത്സ്യങ്ങൾക്കും ഡിമാന്റ് കൂടിയിട്ടുണ്ട്.
-ഫോർമാലിൻ ഉൾപ്പെടെയുള്ള രാസവസ്തുക്കൾ ഉപയോഗിച്ച് സൂക്ഷിച്ചവ
-അമിത വില ഈടാക്കുന്നു