മല്ലപ്പള്ളി : ഗുണനിലവാരം കൂടിയതും കലർപ്പില്ലാത്തതുമായി ഇന്ധനം വിൽക്കാനാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി ചേർന്ന് കെ.എസ്.ആർ.ടി.സി. പെട്രോൾ പമ്പുകൾ തുടങ്ങുന്നതെന്ന് മന്ത്രി ആന്റണി രാജു നടത്തിയ പ്രസ്താവന അപലപനീയമാണെന്ന് ഓൾ കേരളാ ഫെഡറേഷൻ ഒഫ് പെട്രോളിയം ട്രേഡേഴ്‌സ് വാർത്താക്കുറിപ്പിൽ അറിയിച്ചു. തെറ്റിദ്ധാരണാ ജനകമായ പ്രസ്താവനയിലൂടെ സംസ്ഥാനത്തെ പമ്പുകളിൽ മായം ചേർന്ന ഇന്ധനമാണ് നിലവിൽ വിതരണം ചെയ്യുന്നതെന്ന് പറയുന്നതിന് തുല്യമാണ്. മന്ത്രിയുടെ പ്രസ്താവനക്ക് പെട്രോളിയം കമ്പനി മറുപടി പറയണമെന്നും നിജസ്ഥിതി പൊതുജനങ്ങളെ അറിയിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. കലർപ്പുള്ള ഇന്ധനമാണോ പ്രമുഖ കമ്പനികൾ അടക്കം വിതരണം ചെയ്യുന്നതെന്നും, ഇത്തരം ഇന്ധനം വിറ്റതിന്റെ എത്ര കേസുകൾ എടുത്തിട്ടുണ്ടെന്നും പെട്രോളിയം കമ്പനികൾ വൃക്തമാക്കണമെന്നും, ഉത്തരവാദിത്വപ്പെട്ട നിലയിൽ പ്രവർത്തിക്കുന്നവർ വിലകുറഞ്ഞ പ്രസ്താവനകൾ നടത്തുന്നതിന് മുമ്പ് വിശദമായ പഠനം നടത്തണമെന്നും സംസ്ഥാന പ്രസിഡന്റ് സി.കെ. രവിശങ്കർ ആവശ്യപ്പെട്ടു.