പത്തനംതിട്ട: കോന്നി താലൂക്ക് ആശുപത്രിയിൽ കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനം നടക്കുന്നതായി ചൂണ്ടിക്കാട്ടി കെ.യു.ജനീഷ് കുമാർ എം.എൽ.എയ്ക്ക് പരാതി. പ്രമേഹം മൂർച്ഛിച്ചതിനെ തുടർന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച തന്റെ 78 വയസുള്ള മാതാവിന് കൊവിഡ് പിടിപെട്ടതിനെ തുടർന്ന് അരുവാപ്പുലം സ്വദേശി അജിയാണ് പരാതി നൽകിയത്. രണ്ടാഴ്ച മുമ്പാണ് മാതാവ് ഇവിടെ ചികിത്സയ്ക്ക് എത്തിയത്. പിന്നാലെ കുടുംബാംഗങ്ങളായ 11 പേർക്ക് കൂടി കൊവിഡ് പിടിപെട്ടു. കൊവിഡ് രോഗികളിൽ നിന്ന് മറ്റുള്ള രോഗങ്ങൾക്ക് ചികിത്സയ്ക്ക് എത്തുന്നവർക്ക് രോഗം പിടിപെടുന്ന സ്ഥിതിയാണ് ആശുപത്രിയിലുള്ളത്. കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനം തടയാൻ നടപടി വേണമെന്ന് പരാതിയിൽ പറയുന്നു.