അത്തിക്കയം : പെരുനാട് പെരുന്തേനരുവി റോഡിൽ അറയ്ക്കമൺ ചുട്ടിപ്പാറ റോഡ് ചേരുന്നിടത്തെകലുങ്കിന്റെ വശം ഇടിഞ്ഞ നിലയിൽ. ഈ റോഡിലെ ഏറ്റവും വളവു കൂടിയ പ്രദേശമായിട്ടും വർഷങ്ങളായി തകർന്നു കിടക്കുന്ന കലുങ്കിന്റെ ഭാഗം നന്നാക്കാനുള്ള നടപടി ഇതുവരെയും സ്വീകരിച്ചിട്ടില്ല. പെരുന്തേനരുവി ടൂറിസവുമായി ബന്ധപ്പെട്ട് നിരവതി ആളുകൾ യാത്ര ചെയ്യുന്ന ഈ റോഡിൽ കലുങ്കിനോട് ചേർന്ന് അപകടങ്ങളും പതിവാണ്. ശബരിമല പാത നവീകരണ പദ്ധതിയിൽ പെടുത്തി വർഷംതോറും പി.ഡബ്ലിയു റോഡ് പുനരുദ്ധീകരിക്കുമെങ്കിലും കലുങ്കിന്റെ സ്ഥിതി ഇങ്ങനെ തുടരുകയാണ്. രണ്ടു റോഡുകൾ ചേരുന്ന പ്രദേശം ആയതിനാലും മഴക്കാലത്ത് പ്രളയത്തിൽ അടിഞ്ഞു കൂടിയ ചെളിയും ചരൽ മണ്ണും മറ്റും റോഡിൽ കെട്ടിക്കിടന്ന്അപകടങ്ങൾക്ക് കാരണമാവുന്നുണ്ട്. ഇങ്ങനെ അപകടത്തിൽ പെടുന്നവർ കലുങ്കിന്റെ കുഴിയിൽ വീഴാതെ ഭാഗ്യം ഒന്നുകൊണ്ടു മാത്രമാണ് രക്ഷപെടുന്നത്. അടിയന്തരമായി ഇടിതാങ്ങി നിർമ്മിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.