കടമ്പനാട്: അടൂർ ഗോപാലകൃഷ്ണൻ റോഡിന്റെ പേരിൽ നടന്നത് നാട്ടുകാരെ കബളിപ്പിക്കൽ. 2014ൽ റോഡിന് അടൂർ ഗോപാലകൃഷ്ണന്റെ പേര് നൽകിയ ചടങ്ങ് നടന്നത് കുഴികൾ അശാസ്ത്രീയമായി നികത്തി പുറമേ ടാർ തേച്ചു കൊണ്ടായിരുന്നു. ഉദ്ഘാടനം നടന്ന് ഒരു വർഷം തികയുന്നതിന് മുൻപ് തന്നെ ടാർ ഇളകി. അഗാധ ഗർത്തങ്ങൾ രൂപപ്പെട്ടു. വാഹനങ്ങൾ കടന്നു പോകാൻ കഴിയാത്ത വിധം റോഡ് പൊളിഞ്ഞു. ബസുകളും ഓട്ടോറിക്ഷകളും ഗതാതഗം നിറുത്തി. ചിറ്റാണിമുക്കിൽ നിന്ന് മണക്കാല ജംഗ്ഷനിലേക്ക് ഓട്ടോറിക്ഷകൾ എത്തുന്നത് വെള്ളക്കുളങ്ങര വഴി വളഞ്ഞാണ്. ചിറ്റാണിമുക്കിനും മണക്കാലയ്ക്കും ഇ‌ടയിൽ പോകാനുള്ളവർ ഓട്ടോറിക്ഷ വിളിച്ചാൽ ഓട്ടം പോകാതെയായി. പ്രശസ്തനായ കലാകാരന്റെ പേര് റോഡിനിട്ട് നാടിനെ അപമാനിച്ചതിനെതിരെ ജനരോഷം ഉയർന്നപ്പോൾ കഴിഞ്ഞ ജില്ലാ പഞ്ചായത്തിൽ റോഡ് വികസനത്തിന് തുക വകയിരുത്തിയെന്ന് പ്രഖ്യാപനം വന്നു. എന്നാൽ, പണി മാത്രം നട‌ന്നില്ല. പുതിയ ജില്ലാ പഞ്ചായത്ത് ഭരണ സമിതി അധികാരത്തിൽ വന്നപ്പോഴും റോഡ് വികസനത്തിന് തുക അനുവദിച്ചുവെന്ന പ്രഖ്യാപനമുണ്ടായി.

റോഡ് വികസനം പറഞ്ഞ് ജനപ്രതിനിധികൾ നാട്ടുകാരെ നിരന്തരം കബളിപ്പിക്കുകയാണ്. റോഡിലൂടെ ഒരു സൈക്കിളിൽ പോലും സഞ്ചരിക്കാത്ത സ്ഥിതിയായി. ഓട്ടോറിക്ഷകൾ ഈ റോഡിലൂടെ സഞ്ചരിച്ചാൽ ഉടനെ അറ്റകുറ്റപ്പണി നടത്തേണ്ടി വരും. ഇതുവഴി ഇപ്പോൾ പോകാറില്ല.

അനിൽ മണക്കാല, പൗരസമിതി.

'' അടൂർ ഗോപാലകൃഷ്ണൻ റോഡിലൂടെ ഗതാഗതം പുനരാരംഭിക്കണമെങ്കിൽ റോഡ് നന്നാകണം. മണക്കാലയിൽ നിന്ന് ചിറ്റാണിമുക്കിലെത്താൻ ഇപ്പോൾ വാഹനസൗകര്യമില്ല. ഓട്ടം വിളിച്ചാൽ ഓട്ടോറിക്ഷകൾ വരില്ല.

സുനിത, തുവയൂർ വടക്ക്.

'' റോഡിലൂടെ യാത്ര ചെയ്ത് വാഹനം പലതവണ വർക് ഷോപ്പിൽ കയറി. ജനപ്രതിനിധികളുടെ ഉത്തരവാദിത്വമില്ലായ്മയുടെ ഉദാഹരണമാണ് ഈ റോഡ്.

എസ്. ഗിരീഷ്, ഉഷസ്,

ചിറ്റാണിമുക്ക്.

റോഡ് വികസനത്തിന് വേണ്ടി ജനപ്രതിനികളുടെ പിന്നാലെ നടന്നതല്ലാതെ പ്രയോജനമുണ്ടാകുന്നില്ല. ഇനി പൊതുജനങ്ങളെ അണിനിരത്തി കൊവിഡ് മാനദണ്ഡം പാലിച്ച് സമരരംഗത്തിറങ്ങും.

മണക്കാല പൊന്നച്ചൻ,

പൊതുപ്രവർത്തകൻ.