1
ചക്കൻ ചിറ കുടിവെള്ള പദ്ധതി

പള്ളിക്കൽ: കുടിവെള്ള പദ്ധതിയും നിലച്ചു. പെരും മഴയിലും കുടിവെള്ളമില്ലാതെ ചക്കൻ ചിറമല നിവാസികൾ . പള്ളിക്കൽ പഞ്ചായത്തിലെ മൂന്നാം വാർഡിലാണ് ചക്കൻ ചിറ. പട്ടികജാതി വിഭാഗത്തിൽപ്പെട്ട നൂറിലധികം കുടുംബങ്ങൾ ഇവിടെ താമസിക്കുന്നു. സമുദ്രനിരപ്പിൽ നിന്നും 1650 അടി ഉയരത്തിലാണ് ചക്കൻ ചിറമല സ്ഥിതി ചെയ്യുന്നത്. പെരുമഴക്കാലമായാലും ഇവിടുത്തെ കിണറുകളിൽ വെള്ളമില്ല . മലയുടെ അടിവാരത്ത് സ്ഥാപിച്ച ചക്കൻ ചിറ കുടിവെള്ള പദ്ധതിയിൽ നിന്നാണ് ഇവർക്ക് വർഷങ്ങളായി കുടിവെളളം കിട്ടിയിരുന്നത്. വാട്ടർ അതോറിറ്റി നേരിട്ടാണ് ഈ പദ്ധതി നടത്തുന്നത്. രണ്ട് മോട്ടോറുകളാണ് ഇവിടെയുള്ളത്. ഇവ രണ്ടും പ്രവർത്തന രഹിതമാണ്. ഒരെണ്ണം പ്രവർത്തന രഹിതമായിട്ട്മാസങ്ങളായെങ്കിലും ശരിയാക്കായിരുന്നില്ല. രണ്ടാമത് വർക്ക് ചെയ്തു കൊണ്ടിരുന്ന മോട്ടോർ പ്രവർത്തനരഹിതമായിട്ട് 15 ദിവസത്തിലധികമായി.

പണം കൊടുത്തു വാങ്ങണം


പഞ്ചായത്തിൽ നിന്ന് ഒരു ദിവസം കുടിവെള്ളമെത്തിച്ചു നൽകി. രാഷ്ട്രീയ യുവജന സംഘടനകളും ഒരു ദിവസം കുടിവെള്ളമെത്തിച്ചു നൽകി. ബാക്കി ദിവസങ്ങളിൽ ഓരോ വീട്ടുകാരും പണം കൊടുത്ത് വെള്ളം വാങ്ങുകയാണ്. 500ലിറ്ററിന് 1000 രൂപയാണ് വില. അന്നന്ന് ജോലിക്ക് പോയി കഴിയുന്ന ഇവർ നിത്യവൃത്തിക്ക് തന്നെ ബുദ്ധിമുട്ടുമ്പോഴാണ് പണം കൊടുത്ത് വെള്ളം കൂടി വാങ്ങേണ്ടി വരുന്നത്. ലോക് ഡൗൺ പ്രഖ്യാപിച്ചതുമുതൽ ജോലിയില്ലാതെ വലയുകയാണ് കൂടുതൽപേരും.

ബന്ധപെട്ട ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് പദ്ധതി മുടങ്ങാൻ കാരണം. ഒരു മോട്ടോർ കേടുവന്നപ്പോഴെ ശരിയാക്കിയിരുന്നെങ്കിൽ ഇപ്പോൾ പദ്ധതി പ്രവർത്തിപ്പിക്കാമായിരുന്നു. വാട്ടർ അതോറിറ്റി ഇവിടുത്തെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം.

ജി.പ്രമോദ്

ഗ്രാമ പഞ്ചായത്തംഗം

-------------------

പ്രധാന പ്രശ്നം

-കുടിവെള്ള പദ്ധതിയിലെ മോട്ടോറുകൾ കേട്

-500 ലിറ്ററിന് 1000 രൂപ വിലകാെടുത്തു വാങ്ങുന്നു

---------------

ആവശ്യം

എത്രയും പെട്ടെന്ന് കുടിവെള്ള പദ്ധതി പുനരാരംഭിക്കണം. പലവീടുകളിലും ലോക്ക് ഡൗൺ പ്രഖ്യാപിച്ചതുമുതൽ നിത്യവൃത്തിക്ക് വകയില്ല. ഇനി എത്രനാൾ ഇങ്ങനെ വെള്ളം വില കൊടുത്തു വാങ്ങേണ്ടിവരുമെന്ന ആശങ്കയിലാണ്.

-100 കുടുംബങ്ങളോളം പ്രദേശത്ത് താമസം