കോന്നി : മാങ്കുളത്ത് തെരുവുനായ ശല്യം രൂക്ഷമായതോടെ നാട്ടുകാർ ഭീതിയിൽ. കാൽനട യാത്രക്കാർക്കും ഇരുചക്ര വാഹന യാത്രക്കാർക്കും നേരെ കുരച്ചുപാഞ്ഞടുക്കുന്ന നായ്ക്കൾ പ്രദേശവാസികളുടെ ഉറക്കം കെടുത്തുകയാണ്. നായ്ക്കളുടെ ആക്രമണങ്ങളിൽ ഇരുചക്ര വാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്നതും പതിവാണ്. പ്രഭാത സവാരിക്ക് ഇറങ്ങുന്നവർക്കും വളർത്തു മൃഗങ്ങൾക്ക് നേരെയും ഇവ കുരച്ചു ചാടുന്നുണ്ട്. നിരവധി വളർത്തു കോഴികളെയാണ് ഇവ ഭക്ഷണമാക്കിയിരിക്കുന്നത്. പ്രദേശം നായ്ക്കളുടെ വിഹാര കേന്ദ്രമായതോടെ കൊച്ചുകുട്ടിളെ വീടിന് പുറത്ത് കളിയ്ക്കാൻ വിടാൻ പോലും രക്ഷിതാക്കൾ ഭയക്കുകയാണ്. പഞ്ചായത്തിൽ നിരവധി പരാതികൾ നൽകിയും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. നേരത്തെ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന നായകളെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പിടികൂടിയിരുന്നു. തെരുവുനായ ശല്യത്തിന് അറുതി വരുത്താൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ജനങ്ങളുടെയും വളർത്തുമൃഗങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തണമെന്നും പൊതുപ്രവർത്തകൻ എം.എ. ബഷീർ ആവശ്യപ്പെട്ടു.