പന്തളം: പന്തളം കെ.എസ്.ആർ.ടി.സി ഡിപ്പോ നിറുത്തലാക്കാൻ പോകുന്നുവെന്ന വ്യാജപ്രചാരണം അഴിച്ചുവിട്ട് കോൺഗ്രസ് നടത്തുന്ന സമരം രാഷ്ട്രീയപ്രേരിതമാണെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ട കോൺഗ്രസിന്റെ രാഷ്ട്രീയ സമരനാടകം ജനം തള്ളിക്കളയും. കൊവിഡ് പശ്ചാത്തലത്തിൽ ജില്ലാ ആസ്ഥാനത്തുനിന്ന് മാത്രമാണ് കെ.എസ്.ആർ.ടി.സി സർവീസ് നടത്തുന്നത്. ലോക്ക്ഡൗൺ പിൻവലിക്കുന്ന മുറയ്ക്ക് പൊതുഗതാഗതം പഴയതുപോലെ ആകുമ്പോൾ പന്തളത്തുനിന്നുള്ള മുഴുവൻ സർവീസുകളും പുനരാരംഭിക്കും. യാതൊരു കാരണവശാലും പന്തളം ഡിപ്പോ നിറുത്തലാക്കില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു ഉറപ്പുനൽകിയിട്ടുണ്ട്. പന്തളം ഡിപ്പോയിൽ നിലവിൽ 17 ബസുകളും 18 സർവീസുകളുമാണുള്ളത്. ഇവിടെയുള്ള മൂന്ന് ബസുകൾ സർവീസിന് ഉപയോഗിക്കാൻ കഴിയാത്തതിനാലാണ് പിൻവലിച്ചത്. ആറ് ബസുകൾ കൂടി ആവശ്യമുണ്ട്. പന്തളം ഓപ്പറേറ്റിംഗ് സെന്ററിനെ ഡിപ്പോ ആയി ഉയർത്താനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. ഇതിനായി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 40 ലക്ഷം അനുവദിച്ചിട്ടുണ്ട്. ജീവനക്കാരുടെ വിശ്രമകേന്ദ്രം പുതുക്കിപ്പണിയും. പന്തളം ഡിപ്പോയിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പെട്രോൾ ,ഡീസൽ പമ്പും സി.എൻ.ജി പമ്പും തുടങ്ങുന്നതിന് തീരുമാനമായിട്ടുണ്ട്. പന്തളം ബൈപ്പാസിന്റെ നടപടികളും വേഗത്തിൽ പൂർത്തിയാവുകയാണ്. പുതിയ അലൈൻമെന്റിന് അംഗീകാരം ലഭിച്ചുകഴിഞ്ഞു. എസ്റ്റിമേറ്റ് അംഗീകാരം ലഭിച്ച് കിഫ്ബിയുടെ ഭരണാനുമതി ഉടൻ ലഭിക്കും. ഇത് സംബന്ധിച്ച് കിഫ്ബി ഉദ്യോഗസ്ഥരുമായുള്ള ചർച്ച പൂർത്തിയായി. അടൂർ കോഴഞ്ചേരി പാതയുടെ അടൂർ മണ്ഡലത്തിലെ നിർമ്മാണ പ്രവർത്തനങ്ങളും വേഗത്തിലാണ്. പന്തളത്തെ ഓടനിർമ്മാണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കെ.എസ്.ടി.പി അധികൃതരുമായി ചർച്ച ചെയ്ത് പരിഹരിക്കുമെന്നും ചിറ്റയം ഗോപകുമാർ പറഞ്ഞു.