കോഴഞ്ചേരി : യൂറോകപ്പ്, കോപ്പ അമേരിക്ക ഫുട്ബാൾ മാമാങ്കങ്ങൾ ആരംഭിച്ചെങ്കിലും നഗര, ഗ്രാമ ഭേദമെന്യേ അലയടിക്കേണ്ട കളിയാരവങ്ങൾ ഇക്കുറി കൊവിഡിന്റെ കാൽക്കീഴിൽ.
ഫുട്ബാൾ പ്രേമികൾ ഒത്തുചേരുന്ന വായനശാലാ ഹാളുകൾ, ഹോട്ടലുകൾ തുടങ്ങിയവയിൽ നിന്ന് പുറത്തേക്ക് തിരിച്ചുവച്ചിരിക്കുന്ന മിനിസ്ക്രീനും അതിനു ചുറ്റുമുള്ള ആൾക്കൂട്ടവും ഇക്കുറി ഓർമ്മകളുടെ വലയിലാണ്. അകലം പാലിക്കാൻ നിർബന്ധിതരായ കാലത്ത് ഇതാദ്യമായി വീടുകളിൽ തനിച്ചിരുന്നു കളികൾ കാണാനാണ് ആരാധകരുടെ വിധി. ഉത്സവ രാത്രിയെന്ന പോലെ ഉറക്കമൊഴിച്ചിരുന്ന് കളി കാണാൻ ഓരോരുത്തർക്കും സ്വന്തം വീടുകൾ മാത്രമായി ആശ്രയം.
ഇഷ്ടപ്പെട്ട ടീമുകളുടെ പേരിൽ ഉറപ്പിക്കുന്ന പന്തയം ജയിക്കുന്നവരുടെ ആർപ്പുവിളിയും തോൽക്കുന്നവരുടെ പോർവിളിയും ഒന്നുമില്ല. ഇഷ്ടതാരങ്ങളുടെയും ടീമുകളുടെയും വലിയ ഫ്ളക്സും കൊടി തോരണങ്ങളും ജഴ്സികളും മുഖത്ത് ചായം പൂശലും ഇത്തവണ കൊവിഡിൽ ഇല്ലാതായെങ്കിലും ആ കുറവ് സമൂഹ മാദ്ധ്യമങ്ങളിൽ ആവേശം നിറച്ച് പരിഹരിക്കുന്നുണ്ട്.
ഫ്ളക്സ് പ്രിന്റിംഗ് മേഖലയിലുള്ളവർക്കും ജഴ്സി, പതാക, കൊടി എന്നിവ നിർമ്മിക്കുകയും വിൽക്കുകയും ചെയ്തിരുന്നവർക്കും ഇത്തവണത്തെ ഫുട്ബാൾ കാലം നിരാശയുടേതാണ്. സ്പോർട്സ് ഉൽപ്പന്നങ്ങളുടെ വിൽപ്പനയും ഇക്കുറിയില്ല.
" കൂട്ടായി ഇരുന്ന് കളി കാണുന്നതാണ് രസം. ഫുട്ബാൾ ടൂർണമെന്റുകൾ ഞങ്ങൾ സംഘടിപ്പിക്കാറുണ്ട്. ഇത്തവണ നിരാശ മാത്രം. യൂറോ കപ്പിൽ പോർച്ചുഗലും കോപ്പയിൽ ബ്രസീലുമാണ് ഞങ്ങളുടെ ഇഷ്ട ടീമുകൾ '
യേശുദാസ് സേവ്യർ, പ്രസിഡന്റ്,
സന്തോഷ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്,, പന്നി വേലിച്ചിറ, തെക്കേമല
...........