തിരുവല്ല: ഏറെക്കാലമായി പായലും പോളയും നിറഞ്ഞു മലിനമായിക്കിടക്കുന്ന ചന്തത്തോട് മുഖം മിനുക്കൽ തുടങ്ങി. തോട് ശുചീകരിക്കുന്ന ജോലികൾ സെപ്തംബറിന് മുമ്പ് പൂർത്തിയാക്കും. കേന്ദ്ര സർക്കാരിന്റെ ജൽശക്തി അഭിയാൻ പദ്ധതിയുടെ ഭാഗമായി 30 ലക്ഷം രൂപ ചെലവഴിച്ച് നഗരസഭയുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. മാർക്കറ്റ് ജംഗ്‌ഷനിലെ വാട്ടർ പാർക്കിന് സമീപത്ത് തുടങ്ങി മൂന്ന് കിലോമീറ്ററോളം ദൂരത്തിൽ മുത്തൂർ തെറ്റാണിശ്ശേരി പാലത്തിന് സമീപം വരെയാണ് തോടിന്റെ ആഴംകൂട്ടൽ നടക്കുന്നത്. തോട് നിറഞ്ഞു കിടക്കുന്ന പായലും പോളയും മറ്റു മാലിന്യങ്ങളും നീക്കം ചെയ്യും. തുടർന്ന് രണ്ടടി ആഴത്തിൽ തോട്ടിലെ ചെളി വാരി നീക്കും. നഗരസഭയിലെ 31,33,34,35,39 വാർഡുകളിലൂടെയാണ് ചന്തത്തോട് കടന്നുപോകുന്നത്. കുറ്റപ്പുഴ തോട്, വരാൽ തോട് എന്നിവയുടെ ശുചീകരണവും നഗരസഭ ലക്ഷ്യമിടുന്നുണ്ട്. 2019 ഡിസംബറിൽ തോട് ശുചീകരിച്ചെങ്കിലും വീണ്ടും പഴയസ്ഥിതിയിലായിരുന്നു. നഗരസഭാ ചെയർപേഴ്‌സൺ ബിന്ദു ജയകുമാർ ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ കൗൺസിലർമാരായ അഡ്വ.പ്രദീപ് മാമ്മൻ മാത്യു, വിജയൻ തലവന, ഷീലാ വർഗീസ്, പൂജാ ജയൻ, ഇന്ദു ചന്ദ്രൻ, മുൻസിപ്പൽ അസി.എക്സി.എൻജിനിയർ ബിന്ദു വേലായുധൻ, അസി.എൻജിനിയർ ക്ളമൻറ്സി, ഓവർസിയർ രതീഷ് എന്നിവർ പങ്കെടുത്തു.
ചന്തത്തോടിനെ ചന്തമാക്കാം
നഗരത്തിലൂടെ കടന്നുപോകുന്ന പഴമയുടെ പ്രതാപമുള്ള ചന്തത്തോടിനെ സൗന്ദര്യവൽക്കരിക്കാവുന്നതാണ്. തോട് ശുചീകരിക്കുന്നതോടൊപ്പം ഇരുവശവും പൂച്ചെടികൾ നട്ടുവളർത്താവുന്നതാണ്. ഇവിടെ നടപ്പാതയും ഇരിപ്പിടങ്ങളും സജ്ജമാക്കിയാൽ സായന്തനങ്ങളിൽ നഗരവാസികൾക്ക് ഉല്ലാസകേന്ദ്രമായും ഉപയോഗപ്പെടുത്താം. ഇതോടൊപ്പം മീൻവളർത്തൽ കേന്ദ്രവും ഇവിടെ ഒരുക്കിയാൽ വരുമാനവും കണ്ടെത്താവുന്നതാണ്.
- ചെലവ് 30 ലക്ഷം
-തോട്ടിലെ പായലും പോളയും നീക്കം ചെയ്യും
രണ്ടടി ആഴത്തിൽ തോട്ടിലെ ചെളിമാറ്റും