പത്തനംതിട്ട: ആശുപത്രികളിൽ ആരോഗ്യപ്രവർത്തകർക്ക് സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഇന്ന് ജില്ലയിലും പ്രതിഷേധ ദിനം ആചരിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കാതെ എല്ലാ ആശുപത്രികളിലും ഡോക്ടർമാർ നിൽപ് സമരം സംഘടിപ്പിക്കും.
ആരോഗ്യപ്രവർത്തകരുടെയും ആശുപത്രികളുടെയും സംരക്ഷണത്തിന് നിയമം നിലവിലുണ്ടായിട്ടും നടപടിയെടുക്കുന്നതിൽ വീഴ്ചയുണ്ടാകുന്നു. ഇക്കാര്യത്തിൽ രാഷ്ട്രീയ സമ്മർദം പൊലീസിനുമേലുണ്ടാകുന്നതായി സംശയിക്കുന്നുവെന്ന് ഐ.എം.എ ഭാരവാഹികൾ പറഞ്ഞു. കൊവിഡ് കാലത്തും ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും സുരക്ഷിതമായി ജോലി ചെയ്യാനാകുന്നില്ല. തങ്ങളുടെ മാനസികനിലയെ തളർത്തുകയും സമ്മർദത്തിലാക്കുകയും ചെയ്യുന്നതിലൂടെ പൊതുസമൂഹത്തിനാണ് നഷ്ടമുണ്ടാകുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു. റാന്നി, മല്ലപ്പള്ളി താലൂക്ക് ആശുപത്രികളിൽ സമീപദിവസങ്ങളിൽ ആരോഗ്യ പ്രവർത്തകർക്കുനേരെയുണ്ടായ കൈയേറ്റ ശ്രമങ്ങളുമായി ബന്ധപ്പെട്ട് നടപടികൾ വൈകുകയാണ്.
ജില്ലാ ചെയർമാൻ ഡോ.കെ. മണിമാരൻ, കൺവീനർ ഡോ.ജിത്തു വി. തോമസ്, കെ.ജി.എം.ഒ.എ ജില്ലാ പ്രസിഡന്റ് ഡോ.പ്രവീൺ, ഡോ.ജോസ് കെ. ഏബ്രഹാം, ഡോ,രാമലിംഗം എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.