ചെങ്ങന്നൂർ: നഗരസഭാ പ്രദേശത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂട്ടി കാണിക്കുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് യു.ഡി.എഫ്. പാർലമെന്ററി പാർട്ടി ലീഡർ കെ.ഷിബു രാജൻ പറഞ്ഞു. കഴിഞ്ഞ ദിവസം നഗരസഭാ പ്രദേശത്തെ ആളുകളുടെ പരിശോധനയിൽ ഒരാൾക്ക് മാത്രം പോസിറ്റീവായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.69 മാത്രം ഉള്ളപ്പോൾ സർക്കാർ കണക്ക് പ്രകാരം 8 നു മുകളിലാണ്. എല്ലാ ദിവസങ്ങളിലെ കണക്കുകളിലും സമാന രീതിയിലുളള വലിയ വ്യത്യാസം പ്രകടമാണ്. കഴിഞ്ഞ ദിവസത്തെ സി.പി.എം. ഏരിയാ സെക്രട്ടറിയുടെ പ്രസ്താവന ഇതുമായി കൂട്ടിവായിക്കുമ്പോൾ ഗൂഢാലോചനയുണ്ടെന്ന് വ്യക്തമാകും. ജില്ലയിലെ നഗരസഭകളിലേയും നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളിലേയും നിരക്ക് താരതമ്യം ചെയ്യുമ്പോൾ ചെങ്ങന്നൂർ നഗരസഭ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ വളരെ പിന്നിലാണെന്ന് മനസിലാക്കാം. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നഗരസഭ വളരെ മുൻപന്തിയിലാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. പ്രസ്താവന ഇറക്കിയത് ഇതേക്കുറിച്ച് പഠിച്ചിട്ടു തന്നെയാണ്. ഇത്രയേറെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാൻ കഴിഞ്ഞത് ഭരണ സമിതിയുടെ നേതൃത്വത്തിൽ നഗരസഭാ കൗൺസിലർമാർ, നഗരസഭാ ആരോഗ്യ വിഭാഗം,ജില്ലാ ആശുപത്രി ജീവനക്കാർ,ആശ പ്രവർത്തകർ, ജാഗ്രത സമിതി അംഗങ്ങൾ എന്നിവരുടെ കൂട്ടായ പ്രവർത്തനം കൊണ്ടാണ്. പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്ന ആരോപണം ഉന്നയിക്കുന്നത് ഇവരെയെല്ലാം അവഹേളിക്കുന്നതിനു തുല്യമാണ്. വാക്‌സിൻ ജില്ലയ്ക്ക് ആവശ്യത്തിനു ലഭിച്ചിട്ടും നഗരസഭയിലെ കിടപ്പു രോഗികൾക്കു പോലും വാക്‌സിൻ നൽകാത്തത് ക്രൂരതയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നോക്കുമ്പോൾ നഗരസഭാ പ്രദേശത്തെ വ്യാപര സ്ഥാപനങ്ങൾ അടക്കമുള്ളവയ്ക്ക് വലിയ ഇളവ് ലഭിക്കേണ്ടപ്പോൾ നിരക്ക് കൂട്ടി കാണിച്ച് ഇളവുകൾ നിഷേധിക്കുന്നത് പ്രതിഷേധാർഹമാണെന്നും കെ.ഷിബു രാജൻ പറഞ്ഞു.