മല്ലപ്പള്ളി : എഴുമറ്റൂർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി ഉപയോഗശൂന്യമായ പഴയ കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ. പറഞ്ഞു. പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി ധനകാര്യവകുപ്പ് രണ്ടു കോടി രൂപയും ആരോഗ്യവകുപ്പ് മൂന്നു കോടി രൂപയുമാണ് അനുവദിച്ചതിനാൽ അനുബന്ധപ്രവർത്തികൾ ത്വരിതപ്പെടുത്തണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഉപയോഗശൂന്യമായ കെട്ടിടങ്ങൾ പൊളിച്ചു നീക്കി ആവശ്യമായ നടപടികൾക്കായി പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം അസി. എൻജിനിയറെ ചുമതലപ്പെടുത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി ജോൺ മാത്യു, വൈസ് പ്രസിഡണ്ട് ലാലു തോമസ്, പഞ്ചായത്ത് പ്രസിഡന്റ് ശോഭാ മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ.വത്സല, മെഡിക്കൽ ഓഫീസർ ഡോ.ഫെബിൻ ഫാത്തിമ അലി എന്നിവരും എം.എൽ.എ യോടൊപ്പം സ്ഥലം സന്ദർശിച്ചു.