മല്ലപ്പള്ളി : സെൻട്രൽ റോഡ് ഫണ്ടിൽ നിന്നും തുക അനുവദിച്ച് നിർമ്മാണം നടത്തിയ മല്ലപ്പള്ളി - പുല്ലാട് സംസ്ഥാന പാതയുടെ നിലവാരത്തിൽ കൂടുതൽ നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ.മാത്യു ടിതോമസ് എം.എൽ.എ നിവേദനം നൽകി. 15കോടി രൂപയ്ക്ക് ഭരണാനുമതി ലഭിച്ചിട്ട് 13 കോടി മാത്രമാണ് ചെലവഴിച്ചതെന്നും പ്രധാന ജംഗ്ഷനുകളായ കീഴ്വായ്പ്പൂര്, പടുതോട്, വെണ്ണിക്കുളം, കോതകുളം എന്നിവിടങ്ങളിൽ ആവശ്യമായ വിപുലീകരണം, ഓടകൾ നവീകരിച്ച് മുകളിൽ സ്ലാബിട്ട് അപകട സാദ്ധ്യത ഒഴിവാക്കുക, ആവശ്യമുള്ള സ്ഥലങ്ങളിലെല്ലാം ക്രാഷ് ബാരിയേഴ്‌സ്, സംരക്ഷണഭിത്തികൾ, ഐറിഷ് ഡ്രെയിനേജ് തുടങ്ങിയവ നിർമ്മിക്കുക, ദിശാ ബോർഡുകൾ സ്ഥാപിക്കുക തുടങ്ങിയവക്കായി ഈ തുക ഉപയോഗിക്കണമെന്നും പൊതുമരാമത്ത് വകുപ്പ് നാഷണൽ ഹൈവേ അഡ്മിനിസ്‌ട്രേഷൻ ചീഫ് എൻജിനിയർക്ക് നൽകിയ നിവേദനത്തിൽ പറയുന്നു. മല്ലപ്പള്ളി പുല്ലാട് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് എം.എൽ.എക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ നേരിട്ട് നടത്തിയ അന്വേഷണത്തിന് ശേഷമാണ് നിവേദനം നൽകിയത്. സി.പി.എം ഏരിയാ സെക്രട്ടറി ബിനു വറുഗീസ്, അംഗം ഡോ.ജേക്കബ് ജോർജ്ജ്, സി.പി.ഐ താലൂക്ക് സെക്രട്ടറി ബാബു പാലയ്ക്കൽ, ജനതാദൾ ജില്ലാ സെക്രട്ടറി രാജൻ ഈപ്പൻ തുടങ്ങിയവർ എം.എൽ.എക്ക് ഒപ്പമുണ്ടായിരുന്നു.