elephants-attack-
Elephants Attack

അത്തിക്കയം: നാറാണമൂഴി പഞ്ചായത്തിലെ കുടമുരുട്ടി,ചണ്ണ പ്രദേശങ്ങളിൽ കാട്ടാന ശല്യം രൂക്ഷമായി. കുടമുരുട്ടി- പെരുന്തേരുവി റോഡിൽ പകൽ സമയങ്ങളിൽ പോലും യാത്ര ചെയ്യാൻ ആളുകൾക്ക് ഭയമാണ്. കഴിഞ്ഞ രാത്രിയിൽ മുണ്ടക്കൽ രവിയുടെ പുരയിടത്തിലെ കൃഷിയും തെങ്ങും ആന പൂർണമായി നശിപ്പിച്ചു. ഒരാഴ്ച മുമ്പ് കുടമുരുട്ടി കുറുന്തോട്ടിക്കൽ കെ.കെ ഉമ്മന്റെ പറമ്പിലെ കയ്യാല തകർത്ത് വാഴ, തെങ്ങ്,കപ്പ എന്നിവയും നശിപ്പിച്ചിരുന്നു. വീടുകൾക്ക് അടുത്തുവരെ കാട്ടാനകൾ എത്താൻ തുടങ്ങിയതോടെ കുടമുരുട്ടി മേഖലയിൽ താമസിക്കുന്നവർ ആശങ്കയിലാണ്. കാട്ടാനകൾ കടക്കുന്ന സ്ഥലങ്ങളിൽ വനംവകുപ്പ് അധികൃതർ സൗരോർജ വേലി സ്ഥാപിക്കാം എന്ന് ഉറപ്പ് നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല . സൗരോർജ വേലി സ്ഥാപിച്ച പ്രദേശങ്ങളിൽ കാട്ടാന ശല്യം കുറവാണ്.