പന്തളം: കൊവിഡ് വ്യാപനത്തോടെ പ്രതിസന്ധിയിലായ ബ്യൂട്ടി പാർലർ മേഖലയെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ബ്യൂട്ടി പാർലർ ഓണേഴ്‌സ് സമിതി വാർത്താ സമ്മേളത്തിൽ ആവശ്യപ്പെട്ടു.
ഈ മേഖലയിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് വനിതകളും അവരുടെ കുടുംബങ്ങളുമാണ് പ്രതിസന്ധിയിലായിരിക്കുന്നത്. മറ്റുള്ളവർക്ക് ഇളവുകൾ ലഭിക്കുമ്പോഴും ഈ മേഖലയ്ക്ക് ഇളവുകളൊന്നുമില്ല. ഫർണിച്ചറുകൾ, ഉപകരണങ്ങൾ എന്നിവ നശിച്ച് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാകുന്നത്. വിലയേറിയ സൗന്ദര്യ വർദ്ധക വസ്തുക്കൾ കാലാവധി കഴിഞ്ഞ് ഉപയോഗശൂന്യമായുണ്ടാകുന്ന നഷ്ടം വേറെയും.
വായ്പയെടുത്ത് വാടകക്കെട്ടിടങ്ങളിൽ സ്വയംതൊഴിൽ സംരംഭങ്ങളായാണ് മിക്ക ബ്യൂട്ടി പാർലറുകളും തുടങ്ങിയത്. ഒരു വർഷത്തിലേറെയായി അടച്ചിട്ടതോടെ തിരിച്ചടവുകളും വാടകയും മുടങ്ങിയിരിക്കുകയാണ്. സർക്കാരിൽ നിന്ന് സഹായം ലഭിച്ചെങ്കിൽ മാത്രമേ പ്രതിസന്ധി തരണംചെയ്യാൻ കഴിയു. ഇതിനായി പ്രത്യേക പാക്കേജ് അനുവദിക്കണം. ബാങ്കുകളിൽ നിന്നും മറ്റു സർക്കാർ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും മിതമായ പലിശയ്ക്കും ലളിതമായ വ്യവസ്ഥകളിലും വായ്പകൾ ലഭ്യമാക്കണം. ഗുണനിലവാരമുള്ള സൗന്ദര്യ വർദ്ധക വസ്തുക്കൾ മിതമായ വിലയ്ക്ക് ലഭ്യമാക്കാനുള്ള സൗകര്യവും ഒരുക്കണം.
സമിതി സംസ്ഥാന സെക്രട്ടറി റജീന സലിം, ജില്ലാ പ്രസിഡന്റ് മെറീന തോമസ്, സെക്രട്ടറി ജലജ ഉണ്ണിക്കൃഷ്ണൻ, ട്രഷറർ റീജാ ബാബു എന്നിവർ വാർത്താ സമ്മേളത്തിൽ പങ്കെടുത്തു.