കോന്നി : സി.എഫ്.ആർ.ഡി (കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ്) കാമ്പസിന്റെ വിപുലീകരണത്തിനും വികസനത്തിനും ഉതകുന്ന പദ്ധതികൾ തയാറാക്കി നടപ്പാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ പറഞ്ഞു. കെ.യു.ജനീഷ് കുമാർ എം.എൽ.എയ്ക്ക് ഒപ്പം സി.എഫ്.ആർ.ഡി കാമ്പസ് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ലേഡീസ് ഹോസ്റ്റലിന് ഉൾപ്പെടെ കെട്ടിടം നിർമിക്കാനുള്ള സാദ്ധ്യതകൾ പരിശോധിക്കും. മിനി ഭക്ഷ്യ പാർക്ക് ആരംഭിക്കണമെന്ന ജനീഷ് കുമാർ എം.എൽ.എയുടെ നിർദേശവും ഗൗരവമായി പരിശോധിക്കും. ഇതിനായി റിപ്പോർട്ട് തയാറാക്കി നല്കാൻ ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യഗുണനിലവാര പരിശോധനാ ലാബ്, കോളജ് ഒഫ് ഇൻഡിജനസ് ഫുഡ് ടെക്‌നോളജി, ഫുഡ് പ്രൊസസിംഗ് ട്രെയിനിംഗ് സെന്റർ എന്നിവയാണ് സി.എഫ്.ആർ.ഡിയുടെ ചുമതലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ. സ്‌കൂൾ ഒഫ് ഫുഡ് ബിസിനസ് മാനേജ്‌മെന്റ് എന്ന പേരിൽ ഒരു മാനേജ്‌മെന്റ് പരിശീലന സ്ഥാപനവും ഉടൻ ആരംഭിക്കും. എം.ജി സർവകലാശാലയുടെ നേതൃത്വത്തിൽ ഫുഡ് ബിസിനസ് മാനേജ്‌മെന്റിൽ എം.ബി.എ കോഴ്‌സ് ആണ് ആരംഭിക്കാൻ ഉദ്ദേശിക്കുന്നത്. 60 വിദ്യാർത്ഥികൾക്ക് പഠനസൗകര്യമൊരുക്കാൻ കഴിയുന്ന നിലയിൽ കെട്ടിട നിർമാണവും പൂർത്തിയായിട്ടുണ്ട്.
ഭക്ഷ്യവകുപ്പ് സെക്രട്ടറി പി. വേണുഗോപാൽ, സിവിൽ സപ്ലൈസ് എം.ഡി അലി അസ്ഗർ പാഷ, സിവിൽ സപ്ലൈസ് ഡയറക്ടർ ഹരിത വി.കുമാർ, ജില്ലാ സപ്ലൈ ഓഫീസർ സി.വി. മോഹൻകുമാർ, സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി.ജയൻ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. മണിയമ്മ, കോന്നി ഗ്രാമപഞ്ചായത്തംഗം ജിഷ ജയകുമാർ, പ്രിൻസിപ്പൽ ഡോ. പ്രവീണ, ചീഫ് അനലിസ്റ്റ് ഗ്രേസ് ബേബി, ട്രെയിനിംഗ് കോ-ഓർഡിനേറ്റർ കെ.ആർ മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.