kurumbanmoozhi-crossway-
Kurumbanmoozhi Crossway

റാന്നി:മഴ ശക്തമായതോടെ വെള്ളപ്പൊക്ക ഭീഷണിയിലാണ് നാറാണമൂഴി പഞ്ചായത്തിലെ കുരുമ്പൻമൂഴിയും പെരുനാട് പഞ്ചായത്തിലെ അറയാഞ്ഞിലിമണ്ണും. ബുധനാഴ്ച രാത്രി ശബരിമല വനമേഖലകളിൽ ശക്തമായ മഴ പെയ്തതോടെ പമ്പയാറ്റിൽ ജലനിരപ്പ് ഉയരുകയും പുലർച്ചയോടെ കുരുമ്പൻമൂഴി കോസ്‌വേ മുങ്ങുകയും ചെയ്തു. ഇതോടെ ഇൗ മേഖലയിലുള്ളവർ ഒറ്റപ്പെട്ട സ്ഥിതിയിലാണ്. 2018ലെ മഹാപ്രളയത്തിൽ അടിഞ്ഞുകൂടിയ ചെളി കാരണം പ്രദേശങ്ങൾ വേഗത്തിൽ വെള്ളത്തിനടിയിലാവുകയാണ്. പെരുന്തേനരുവി ഡാമിൽ വെള്ളം ഉൾക്കൊള്ളാനുള്ള ശേഷിയും ചെളികാരണം കുറഞ്ഞു. അറയാഞ്ഞിലിമണ്ണിൽ പ്രളയത്തിൽ അടിഞ്ഞുകൂടിയ മണൽ കാരണം പുഴയിലെ കയങ്ങൾ നികന്നു. തുടർച്ചയായി രണ്ടു ദിവസം മഴ പെയ്താൽ കോസ്‌വേ മുങ്ങുന്ന അവസ്ഥയിലാണ് . ഇതോടെ ഈ പ്രദേശവും ഒറ്റപ്പെടും. ഇവിടെ ഉണ്ടായിരുന്ന തൂക്കുപാലം പ്രളയത്തിൽ ഒലിച്ചുപോയതുമൂലം കാൽനടയായി പോലും യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ് വെള്ളം പൊങ്ങുമ്പോൾ അറയാഞ്ഞിലിമൺ നിവാസികൾ.

നാനൂറിൽപരം കുടുംബങ്ങളിലായി 2000 ത്തോളം ആളുകൾ ഇവിടെ താമസിക്കുന്നുണ്ട് .

തൂക്കുപാലം വേണം

മൂന്നുവശം വനത്താലും ഒരു വശം പമ്പാനദിയാലും ചുറ്റപ്പെട്ട അറയാഞ്ഞിലിമണ്ണ് നിവാസികൾക്ക് പ്രളയകാലത്ത് മറുകരയെത്താൻ തൂക്കുപാലം പുനർനിർമ്മിക്കുക എന്നതാണ് താത്കാലിക പരിഹാരം. സ്ഥിരം പാലം എന്ന ആവശ്യവും ഇവിടെ ശക്തമാണ്. കോസ്‌വേയുടെ കൈവരികളെല്ലാം ഓരോ വെള്ളപ്പൊക്കത്തിലും തടികൾ വന്നിടിച്ച് തകരും. ഇപ്പോൾ പകുതിയോളം ഭാഗത്ത് കൈവരികളില്ല. വിദ്യാർത്ഥികളുൾപ്പെടെ നിരവധി പേരാണ് ദിവസവും ഈ വഴിയിലൂടെ സഞ്ചരിക്കുന്നത്. ഒരു വാഹനം വരുമ്പോൾ മാറിനിൽക്കാൻ ശ്രമിച്ചാൽ നദിയിൽ വീഴുമെന്ന അവസ്ഥയിലാണ് .വെള്ളം ഉയർന്നസമയത്ത് രണ്ടുപേർ പാലത്തിലൂടെ നടന്നുപോകുമ്പോൾ ഒഴുക്കിൽപ്പെട്ട് മരിച്ച സംഭവമുണ്ട്. കൈവരികൾ നഷ്ടപ്പെട്ടതുമൂലം ഇതേ അവസ്ഥയാണ് മുക്കം കോസ്‌വേയും നേരിടുന്നത്. കാൽനട യാത്രക്കാർക്ക് വളരെ ബുദ്ധിമുട്ടാണ് ഇതുവഴിയുള്ള യാത്ര. എല്ലാക്കൊല്ലവും മൂന്നു കോസ്‌വേകളുടെയും കൈവരികൾ മഴവെള്ളത്തിനൊപ്പം ഒലിച്ചുപോകുന്ന അവസ്ഥയിലാണ് നിർമ്മാണം.

---------------

സ്ഥിരം പാലം നിർമ്മിക്കാൻ കഴിയില്ലെങ്കിൽ നിലവിലുണ്ടായിരുന്ന തൂക്കുപാലം പുനരുദ്ധീകരിക്കാനുള്ള നടപടി ഉണ്ടാവണം

ബിജു.സി.കെ

പ്രധാന അദ്ധ്യാപകൻ

ഗവ. എൽ.പി.എസ് നാറാണംമൂഴി