തിരുവല്ല: എം.സി. റോഡിൽ നഗരമദ്ധ്യത്തിലെ കോൺക്രീറ്റ് കുഴി ബൈക്ക് യാത്രക്കാർക്ക് അപകടക്കെണിയാകുന്നു. മാസങ്ങൾക്ക് മുമ്പ് ടാറിംഗ് നടത്തി മിനുസപ്പെടുത്തിയ റോഡിലെ കുഴി ദൂരെനിന്നുവരുന്ന യാത്രക്കാരുടെ ശ്രദ്ധയിൽപ്പെടാത്തതാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. വലിയ വാഹനങ്ങളുടെ പിന്നാലെ വരുമ്പോഴും കുഴി കണ്ണിൽപ്പെടില്ല. അടുത്തെത്തുമ്പോൾ മാത്രം കാണുന്ന കുഴിയിൽ വീഴാതെ വാഹനം തിരിക്കുമ്പോഴും ബൈക്ക് യാത്രികർ അപകടത്തിൽപ്പെടാനുള്ള സാദ്ധ്യത ഏറെയാണ്. റോഡിന്റെ മദ്ധ്യത്തിൽ ഡിവൈഡർ സ്ഥാപിച്ചിരിക്കുന്നതിനാൽ കുഴി ഒഴിവാക്കി വാഹനം കൊണ്ടുപോകാനുള്ള സ്ഥലവും റോഡിൽ കുറവാണ്. നഗരഭാഗത്തെ ടാറിംഗ് നടത്തിയശേഷം പൈപ്പുപൊട്ടിയാണ് ഈഭാഗത്ത് റോഡ് തകർന്നത്. ഇതേത്തുടർന്ന് പൈപ്പിലെ ചോർച്ച പരിഹരിച്ചെങ്കിലും നന്നായി ഉറപ്പിക്കാതെ കുഴി കോൺക്രീറ്റ് ചെയ്ത് അടച്ചതാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. കുഴി കോൺക്രീറ്റ് ചെയ്ത് അടച്ചെങ്കിലും ഭാരംകയറ്റിയ വാഹനങ്ങൾ കയറിയിറങ്ങിയതോടെ കോൺക്രീറ്റ് പൊട്ടി വീണ്ടും റോഡ് ഇടിഞ്ഞുതാഴ്ന്നു. നിലവിലെ റോഡിന്റെ നിരപ്പിൽനിന്ന് ഒരടിയോളം ഇങ്ങനെ ഇടിഞ്ഞുതാഴ്ന്നിട്ടുണ്ട്. എസ്.സി.എസ് കവലയ്ക്ക് സമീപത്തും റോഡിൽ കുഴി രൂപപ്പെട്ടിട്ടുണ്ട്. നഗരത്തിലെ ഓട്ടോറിക്ഷാ തൊഴിലാളികൾ ഉൾപ്പെടെ ഇതേക്കുറിച്ച് അധികൃതരോട് പരാതിപ്പെട്ടെങ്കിലും ഇതുവരെയും കുഴി ടാർ ചെയ്ത് അടച്ചിട്ടില്ല.
ബൈക്ക് യാത്രികന് പരിക്കേറ്റു
കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് മുന്നിലെ കുഴിയിൽ വീണ് ഇന്നലെയും ബൈക്ക് യാത്രികൻ അപകടത്തിൽപ്പെട്ടു. പായിപ്പാട് സ്വദേശിയായ യുവാവാണ് ഇന്നലെ രാവിലെ ഏഴിന് ബൈക്ക് കുഴിയിൽ വീണ് നിയന്ത്രണം വിട്ട് മറിഞ്ഞുവീണത്. ദേഹമാസകലം പരിക്കേറ്റ യുവാവിനെ ഓട്ടോറിക്ഷ ഡ്രൈവർമാർ ചേർന്ന് താലൂക്കാശുപത്രിയിൽ എത്തിക്കുകയായിരുന്നു.