തിരുവല്ല: കാറിലെത്തി യുവാവിനെ ആക്രമിച്ച സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റുചെയ്തു. ആഞ്ഞിലിത്താനം വെള്ളാപ്പള്ളിൽ വീട്ടിൽ അനീഷ് കെ.എബ്രഹാം (27), പായിപ്പാട് കല്ലിക്കുന്ന് കോളനിയിൽ സുമിത് (26), കുറ്റപ്പുഴ കരുണാലയത്തിൽ ദീപു (24 )എന്നിവരാണ് അറസ്റ്റിലായത്. ചുമത്ര സ്വദേശിയായ സൂരജി (28) നെ ആക്രമിച്ച സംഭവത്തിലാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. വീടിന് സമീപത്തെ റോഡിൽ നിന്ന സൂരജിനെ കാറിലെത്തിയ സംഘം ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ബഹളംകേട്ട് സമീപ വാസികൾ ഓടിക്കൂടുന്നത് കണ്ട് സംഘം കാറിൽ കയറി രക്ഷപ്പെട്ടു. മർദ്ദനത്തിൽ സൂരജിന്റെ കൈയുടെ അസ്ഥിക്ക് പൊട്ടലേറ്റിട്ടുണ്ട്. അക്രമത്തിന് പിന്നിൽ മുൻവൈരാഗ്യമാണെന്ന് പൊലീസ് പറഞ്ഞു.