കോന്നി : കിഴക്കൻ മലയോര മേഖലയായ കോന്നിയുടെ സാംസ്കാരിക തലസ്ഥാനമാകും ഇനി വി.കോട്ടയം. ഗുരു നിത്യചൈതന്യയതിയുടെ സ്മാരകമായി സംസ്ഥാന സർക്കാർ അനുവദിച്ച സാംസ്കാരിക സമുച്ചയത്തിന് പ്രമാടം ഗ്രാമപഞ്ചായത്തിലെ വി.കോട്ടയത്താണ് സ്ഥലം കണ്ടെത്തിയിരിക്കുന്നത്.

വി. കോട്ടയം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു സമീപത്തെ എട്ട് ഏക്കർ റവന്യൂ പുറമ്പോക്ക് ഭൂമിയിൽ 3.5 ഏക്കറാണ് സാംസ്‌കാരിക സമുച്ചയത്തിനായി ഏ​റ്റെടുക്കുന്നത്. സമുച്ചയ നിർമ്മാണത്തിനായി 50 കോടി രൂപ സാംസ്കാരിക വകുപ്പ് അനുവദിച്ചിട്ടുണ്ട്.

സമുച്ചയത്തിൽ

യതിയുടെ ഗ്രന്ഥങ്ങൾക്കും പഠനത്തിനുമുള്ള പ്രത്യേക കേന്ദ്രം,

നൃത്ത - സംഗീത - നാടകശാലകൾ,

ഓഡിറ്റോറിയങ്ങൾ,

ചിത്രപ്രദർശന ശാലകൾ,

ബ്ളാക്ക് ബോക്സ് തീയേറ്റർ,

ചമയമുറികൾ. ,

ഗ്രന്ഥശാല,

വിഡിയോ ഹാൾ,

സെമിനാർ ഹാൾ,

കരകൗശല പണിശാലകൾ,

ഓപ്പൺ എയർ തീയേറ്റർ

മന്ത്രി അടുത്ത ആഴ്ച സ്ഥലം സന്ദർശിക്കും

27 ന് വൈകിട്ട് മൂന്നിന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും കെ.യു. ജനീഷ് കുമാർ

എം.എൽ.എയും ഉദ്യോഗസ്ഥരും പങ്കെടുത്ത് കോന്നിയിൽ യോഗം ചേരും. തുടർന്ന് സാംസ്‌കാരിക സമുച്ചയം നിർമ്മിക്കാനുദ്ദേശിക്കുന്ന സ്ഥലം സന്ദർശിക്കും.

50 കോടി രൂപ അനുവദിച്ചു

3.5 ഏക്കറിൽ നിർമ്മാണം

ഗുരു നിത്യചൈതന്യയതി

1921 നവംബർ രണ്ടിന് വകയാറിൽ രാഘവപ്പണിക്കരുടെയും വാമാക്ഷിഅമ്മയുടെയും മകനായി

ജനിച്ച ജയചന്ദ്രനാണ് പിൽക്കാലത്ത് ഗുരുനിത്യചൈതന്യയതിയായത്. ശ്രീനാരായണഗുരു ദേവന്റെ ശിഷ്യൻ നടരാജ ഗുരുവിന്റ ശിഷ്യനായിരുന്നു യതി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് എം.എയിൽ മികച്ച വിജയം നേടിയ ജയചന്ദ്രൻ കൊല്ലം എസ്.എൻ കോളേജ്, ചെന്നൈ വിവേകാനന്ദ കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായിരുന്നു. രമണ മഹർഷിയിൽ നിന്നാണ് നിത്യചൈതന്യയതി എന്ന പേരിൽ സന്ന്യാസം സ്വീകരിച്ചത്. മലയാളത്തിൽ നൂറ്റിയിരുപതും ഇംഗ്ളീഷിൽ എൺപതും കൃതികൾ രചിച്ചിട്ടുണ്ട്. യു.എസ് , ആസ്ട്രിയ, ഇംഗ്ളണ്ട് എന്നീ രാജ്യങ്ങളിൽ വിസിറ്റിംഗ് പ്രൊഫസറായിരുന്നു. കേരള സാഹിത്യ അക്കാഡമി

അവാർഡ് നേടിയിട്ടുണ്ട്. 1999 മേയ് 14 ന് സമാധിയായി.

" ഗുരുനിത്യ ചൈതന്യയതിയുടെ പേരിൽ പ്രമാടം ഗ്രാമപഞ്ചായത്തിൽ നിർമ്മിക്കുന്ന സ്മാരകം ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട സാംസ്കാരിക കേന്ദ്രമായി മാറും. ശിഷ്യരുടെയും സാഹിത്യ പ്രേമികളുടെയും

ദീർഘകാലമായുള്ള ആവശ്യമാണ് യാഥാർത്ഥ്യമാകാൻ പോകുന്നത്. നാടിന്റെ സാംസ്കാരിക ഉന്നതി നിലനിറുത്താനും കേരളത്തിന്റെ കലാപൈതൃകത്തെ സംരക്ഷിച്ച് വരുംതലമുറയ്ക്ക് പകർന്നുനൽകുവാനും കഴിയുന്ന രീതിയിലാണ് പദ്ധതി."

കെ.യു. ജനീഷ് കുമാർ എം.എൽ.എ