തിരുവല്ല: ജനജീവിതത്തെ ദുസഹമാക്കാതെ കൊവിഡ് മൂന്നാം തരംഗത്തെയും അതിജീവിക്കാൻ സർക്കാർ സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. നെടുമ്പ്രം പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ സ്‌കൂൾ കുട്ടികളുടെ പഠനത്തിനാവശ്യമായ മൊബൈൽ ഫോണുകളുടെ വിതരണോദ്ഘാടനവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവന സ്വീകരിക്കലും നിർവഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ മുഴുവൻ ആളുകളെയും വാക്‌സിനേഷന്റെ ഭാഗമാക്കും. വാക്‌സിനെടുക്കാൻ എല്ലാവരെയും പ്രേരിപ്പിക്കണം. കൊവിഡിനെ പ്രതിരോധിക്കാൻ യുദ്ധകാലാടിസ്ഥാനത്തിലാണ് സർക്കാർ സംവിധാനങ്ങൾ ഒരുക്കിയത്. ജില്ലാ, താലൂക്ക് തുടങ്ങിയ ആശുപത്രികളിലും ചുരുങ്ങിയത് 10 ഐസലേഷൻ വാർഡുകളെങ്കിലും സംഘടിപ്പിക്കാൻ തീരുമാനമായിട്ടുണ്ട്. ഇനിയൊരു തരംഗം ഉണ്ടായാൽ അതിനെ പ്രതിരോധിക്കാനും നേരിടാനും കരുത്താർജിച്ച ആരോഗ്യ സംവിധാനം സർക്കാർ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് വാക്‌സിനേഷൻ കേന്ദ്രത്തിലേക്കുള്ള ഇരിപ്പിടങ്ങളും മന്ത്രി ഏറ്റുവാങ്ങി. നെടുമ്പ്രം പഞ്ചായത്ത് പ്രസിഡന്റ് ടി.പ്രസന്നകുമാരി അദ്ധ്യക്ഷത വഹിച്ചു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ, വൈസ് പ്രസിഡന്റ് ബിനിൽകുമാർ, നെടുമ്പ്രം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൈലേഷ് മങ്ങാട്ട്, തിരുവല്ല അർബൻ സഹകരണ ബാങ്ക് ചെയർമാൻ അഡ്വ.ആർ.സനൽകുമാർ,കുടുംബശ്രീ എ.ഡി.എം.സി: കെ.എച്ച്.സലീന, എൻ.ഐ.സി സൗത്ത് ഇന്ത്യാ കോർഡിനേറ്റർ പി.പി.ബിജോയ്, പഞ്ചായത്ത് സെക്രട്ടറി മനോജ് കുമാർ, നെടുമ്പ്രം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വിനയചന്ദ്രൻ, കുടുംബശ്രീ ചെയർപേഴ്‌സൺ പി.കെ സുജ, കോമളകുമാരി, ജോയി ആറ്റുമാലിൽ, കെ.ജെ മാത്യു, വിജയകുമാർ മണിപ്പുഴ എന്നിവർ പങ്കെടുത്തു. പ്രളയം, കൊവിഡ് എന്നീ പ്രതിസന്ധികളെ നേരിടാൻ കുടുംബശ്രീകൾക്കു നൽകിയ വായ്പയ്ക്കു സർക്കാർ നൽകിയ സബ്ഡിഡിയിലെ ചെറിയ വിഹിതം സമാഹരിച്ചാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് മൊബൈൽ ഫോൺ നൽകിയതും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള കുടുംബശ്രീയുടെ വിഹിതം കൈമാറിയതും.