കൊല്ലാനുള്ള ഉത്തരവ് കാലഹരണപ്പെട്ടു

കോന്നി : കാട്ടുപന്നികളുടെ ശല്യം മൂലം പൊറുതിമുട്ടുകയാണ് ജനം. കാടുവിട്ടിറങ്ങുന്ന പന്നിക്കൂട്ടങ്ങൾ കാർഷികവിളകൾ നശിപ്പിക്കുന്നതിന് പുറമെ ആളുകളെ അക്രമിക്കുകയും ചെയ്യുന്നു. ജനവാസമേഖലകളിൽ ഇറങ്ങുന്ന ശല്യക്കാരായ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവിലായിരുന്നു പ്രതീക്ഷ. ചില മേഖലകളിലൊക്കെ നടപ്പായെങ്കിലും ഉത്തരവിന്റെ കാലാവധി പൂർത്തിയാവുകയാണ്. കഴിഞ്ഞ വർഷമാണ് ഉത്തരവുണ്ടായത്. കാട്ടുപന്നികൾ എന്ത് ആക്രമം കാട്ടിയാലും നോക്കിയിരിക്കാനേ ജനത്തിനു കഴിയു. അവയെ ഉപദ്രവിച്ചാൽ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുക്കും.വനത്തിൽ നിന്ന് പുറത്തിറങ്ങുന്ന ഇവ നാട്ടിലെ പൊന്തക്കാടുകളിലും മറ്റും താവളമുറപ്പിച്ച് പെറ്റുപെരുകുകയാണ്. അതീവ ഉപദ്രവകാരികളായ വന്യമൃഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയാലേ ഇവയെ കൊല്ലാനാകു. അതിന് കേന്ദ്ര അനുമതി ആവശ്യമാണ്. അതുകൊണ്ടാണ് സംസ്ഥാന സർക്കാർ താത്കാലികമായി മാത്രം നേരത്തെ ഉത്തരവിറക്കിയത്.

കാട്ടുപന്നികളെ വെടിവച്ചുകൊല്ലാനുള്ള ഉത്തരവിറങ്ങിയത് -

2020 മേയ് 14 ന്

അക്രമകാരികളായ കാട്ടുപന്നികളെ ഇല്ലായ്മ ചെയ്യാനുള്ള അധികാരം ഡി.എഫ്.ഒ മാർക്കും സംരക്ഷിത മേഖലകളിൽ വൈൽഡ് ലൈഫ് വാർഡനും നൽകി 2019 ൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിറക്കിയിട്ടുണ്ട്. എന്നാൽ കർശന നിബന്ധനയിലെ നൂലാമാലകൾ മൂലം ഇത് നടപ്പാക്കാൻ കഴിയാറില്ല. സർക്കാർ ഉത്തരവിനെ തുടർന്ന് ഒരുപരിധിവരെ നടപ്പാക്കുകയായിരുന്നു. ഇനിയൊരു നടപടി ഉണ്ടാകണമെങ്കിൽ പുതിയ ഉത്തരവ് ലഭിക്കണം.

ആദ്യവെടി മുഴങ്ങിയത് അരുവാപ്പുലത്ത്

കാട്ടുപന്നികൾ മനുഷ്യരെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും വൻതോതിൽ കൃഷി നശിപ്പിക്കുകയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇവയെവെടിവച്ചുകൊല്ലാൻ സർക്കാർ ഉത്തരവിറക്കിയത്. കോന്നി മേഖലയിൽ പന്നികളുടെ ശല്യം രൂക്ഷമായതോടെ കെ.യു. ജനീഷ് കുമാർ എം.എൽ.എ അന്നത്തെ വനം മന്ത്രി കെ. രാജുവിന് നൽകിയ നിവേദനത്തെ തുടർന്നായിരുന്നു നടപടി. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ആദ്യം പന്നിയെ വെടിവച്ചുകൊന്നത് കഴിഞ്ഞ വർഷം അരുവാപ്പുലത്താണ്.