1
ആലുംമൂട്ടിൽ വളവിൽ ഇന്നലെ രാവിലെയുണ്ടായ അപകടം

കടമ്പനാട് : ജനങ്ങളെ ഭീതിയിലാഴ്ത്തി കടമ്പനാട് -ഏഴംകുളം മിനി ഹൈവേയിൽ ടിപ്പർ ലോറികളുടെ മരണപ്പാച്ചിലിൽ സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക് ഗുരുതര പരിക്ക്. ഐവർകാല ഷൈനി മൻസിലിൽ റൗഫുദ്ദീൻ (42) ഭാര്യ ഷൈനി എന്നിവരെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 6.30ന് ഏനാത്ത് ഭാഗത്തേക്ക് വരികയായിരുന്ന റൗഫുദ്ദീന്റെ സ്കൂട്ടറിൽ ആലുംമൂട് വളവിൽ എതിർദിശയിൽ നിന്നും അമിതവേഗതയിൽവന്ന ടോറസ് ലോറി ഇടിക്കുകയായിരുന്നു. അശാസ്ത്രീയമായ റോഡ് നിർമ്മാണത്തിലും അമിതവേഗതയിലും മണ്ണടി ആലുംമൂട്ടിൽ വളവിൽ നിരവധി ജീവനാണ് പൊലിഞ്ഞത്. കൊല്ലം ജില്ലയിലെ പട്ടാഴിയിൽ നിന്നും ഭരണിക്കാവ് ക്രഷറിലേക്ക് പാറകൊണ്ടു പോകുന്ന സാരഥി മെറ്റൽ ക്രഷറിന്റെ ഉടമസ്ഥതയിലുള്ള ടിപ്പർ ലോറികളാണ് നിരന്തരം അപകടം ഉണ്ടാക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. മോട്ടോർ വാഹന വകുപ്പും പൊലീസും ഈ റോഡിൽ പരിശോധന നടത്താതത് മൂലം കിഴക്കൻ മേഖലകളിൽ നിന്നും പാസ് ഇല്ലാതെ പാറയും മണ്ണും നിറച്ച ലോറികൾ ചീറിപ്പായുന്നത് പ്രഭാതസവാരിക്കാർക്കും, പത്ര, പാൽവിതരണക്കാർക്കും ഭീഷണിയായിരിക്കുകയാണ്.

നടുക്കം മാറാതെ പാകിസ്ഥാൻ മുക്ക്

പാകിസ്ഥാൻ മുക്കിൽ ഓട്ടോ ഓടിച്ച് കുടുംബം പുലർത്തിയിരുന്ന റൗഫുദ്ദീൻ വൃക്ക സംബന്ധമായ അസുഖം മൂലം മൂന്നുവർഷമായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സയിലാണ്.ജീവൻ നിലനിറുത്താൻ വൃക്ക പകുത്തു നൽകാൻ ഭാര്യ ഷൈനി തയാറായെങ്കിലും മരുന്നിനും ചികിത്സയ്ക്കുമായി ഭീമമായ തുക തടസമായി സുമനസുകളുടെ സഹായത്താൽ ശസ്ത്രക്രിയയ്ക്കുള്ള തുക കണ്ടെത്തി കാത്തിരിക്കുമ്പോഴായിരുന്നു അപകടം.

അടിയന്തരമായി അമിതഭാരം കയറ്റി വരുന്ന ടിപ്പർ ലോറികൾക്കെതിരെ നടപടി സ്വീകരിക്കണം

നാട്ടുകാർ

-ആശാസ്ത്രിയ റോഡ് നിർമ്മാണം

-വാഹനങ്ങളുടെ അമിത വേഗത

-പാസില്ലാതെ ലോറികൾ ചീറിപ്പായുന്നു