പത്തനംതിട്ട:കേരള എൻജിനീയറിംഗ് പ്രവേശന പരീക്ഷയിൽ റാങ്ക് പട്ടിക തയ്യാറാക്കാൻ ഇക്കൊല്ലം പ്ലസ്ടു പരീക്ഷയുടെ മാർക്ക് പരിഗണിക്കേണ്ടതില്ലെന്ന നിലപാട് പുനഃപരിശോധിക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി തയ്യാറാവണമെന്ന് ഓൾ കേരള സ്‌കൂൾ ടീച്ചേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് എൻ. ശ്രീകുമാർ പറഞ്ഞു. . എൻജിനിയറിംഗ് പ്രവേശന റാങ്ക് ലിസ്റ്റിൽ പൊതു വിദ്യാലയങ്ങളിലെ കുട്ടികൾക്ക് അർഹമായ പരിഗണന നൽകണമെന്ന് ആവശ്യപ്പെട്ട് എ.കെ.എസ്.ടിയു ജില്ലാ കമ്മിറ്റി പത്തനംതിട്ട ഡി.ഇ.ഒ ഓഫീസിന് മുമ്പിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് പി. കെ. സുശീൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സി. മോഹനൻ, സംസ്ഥാന കമ്മിറ്റിയംഗം കെ. എ. തൻസീർ, ജില്ലാ വൈസ് പ്രസിഡന്റ് തോമസ് എം. ഡേവിഡ്, റെജി മലയാലപ്പുഴ എന്നിവർ പ്രസംഗിച്ചു.