കോന്നി : റിസർവ് വനം പ്രഖ്യാപനവുമായി ബന്ധപ്പെട്ട് സ്ഥലവാസികൾക്ക് ഫോറസ്റ്റ് സെറ്റിൽമെന്റ് ഓഫീസർ നോട്ടീസ് നൽകിയതിൽ ആശങ്കവേണ്ടെന്ന് കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ.എൻ. ശ്യാംമോഹൻലാൽ അറിയിച്ചു. വനം വകുപ്പിന്റെ അധീനതയിലുളള കോന്നി ആനത്താവളത്തിലെ 3.36 ഹെക്ടർ, കോന്നി ബംഗ്ലാവ് ഹില്ലിലെ 3.07 ഹെക്ടർ, എലിയറയ്ക്കൽ സോഷ്യൽ ഫോറസ്ട്രി കോംപ്ലക്‌സിലെ 1.69 ഹെക്ടർ എന്നീ റവന്യൂ ഭൂമികൾ റിസർവ് വനമായി പ്രഖ്യാപിച്ചുകൊണ്ട് 2017 ജൂൺ 30നും ഇവയ്ക്ക് ചുറ്റും താമസിക്കുന്നവർക്ക് എന്തെങ്കിലും അവകാശങ്ങൾ ഉന്നയിക്കാനുണ്ടെങ്കിൽ അത് നിർണയിക്കുന്നതിന് ഹിയറിംഗ് നടത്താൻ ഉദ്ദേശിച്ച് 2019 ഡിസംബർ 31നും സർക്കാർ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
പ്രഖ്യാപിത റിസർവ് വനഭൂമികളിൽ പരമ്പരാഗതമായി ഉപയോഗിച്ചു വരുന്ന നടവഴി, കുടിവെളള സ്രോതസ്, ആരാധനാലയം മുതലായ അവകാശങ്ങൾ ഉളള സ്ഥലവാസികൾ തെളിവു സഹിതം ഹിയറിംഗ് വേളയിൽ ഫോറസ്റ്റ് സെറ്റിൽമെന്റ് ഓഫീസറായ അടൂർ റവന്യൂ ഡിവിഷണൽ ഓഫീസറെ ബോധിപ്പിക്കണം. വനം കൈയേറ്റമോ അതിർത്തി തർക്കമോ ഉളള സ്ഥലത്തല്ലാതെ ചുറ്റുപാടും താമസിക്കുന്ന ആളുകളുടെ കൈവശഭൂമിയുമായി ഇക്കാര്യത്തിന് ഒരു ബന്ധവുമില്ലെന്നും നോട്ടീസിനെ സംബന്ധിച്ച് അനാവശ്യമായ ആശങ്കകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അവയ്ക്ക് യാതൊരു അടിസ്ഥാനവും ഇല്ലെന്നും ഡി.എഫ്.ഒ അറിയിച്ചു.