പത്തനംതിട്ട : കൊവിഡ് വ്യാപന സാഹചര്യത്തിൽ ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക് 5000 രൂപ വീതം ധനസഹായം നൽകണമെന്ന് ആവശ്യപ്പെട്ട് ജില്ലാ മോട്ടോർ തൊഴിലാളി ക്ഷേമ നിധി ബോർഡ് ഓഫീസിന്റെ മുമ്പിൽ നടത്തിയ ധർണ ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി ജ്യോതിഷ് കുമാർ മലയാലപ്പുഴ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ഏറ്റവും ആസ്തിയുള്ള ക്ഷേമനിധിയാണ് മോട്ടോർ മേഖലയിലേത്. കഴിഞ്ഞ പിണറായി സർക്കാർ ഒന്നാം കൊവിഡ് തരംഗ കാലത്ത് 260 കോടിയുടെ ധന സഹായ പദ്ധതി പ്രഖ്യാപിച്ചിരുന്നെങ്കിലും ഫലപ്രദമായി നടപ്പാക്കിയില്ലെന്ന് അദ്ദേഹം പറഞ്ഞു. 9,60,000 പേർ രജിസ്റ്റർ ചെയ്തിട്ടുള്ള പദ്ധതിയിൽ ആകെ 1,42,000 തൊഴിലാളികൾക്ക് മാത്രമാണ് 1000 രൂപ സാമ്പത്തിക സഹായം ലഭിച്ചത്. അർഹരായ എല്ലാ തൊഴിലാളികൾക്കും തിരിച്ചടയ്‌ക്കെണ്ടുന്ന വ്യവസ്ഥയിൽ 10000 രൂപാ പലിശ രഹിത വായ്പ അനുവദിക്കുക, ഒരു വർഷത്തെ അംശാദായ വിഹിതം പൂർണമായും ഒഴിവാക്കുക, നേരത്തെ അനുവദിച്ച 1000 രൂപ, സാമ്പത്തിക സഹായത്തിന് അപേക്ഷ സമർപ്പിക്കാൻ കഴിയാതിരുന്ന സ്‌കാറ്റെഡ് വിഭാഗം തൊഴിലാളികൾക്ക് ഒരു തവണ കൂടി അവസരം നൽകുക, അംഗങ്ങളുടെ മക്കളായ വിദ്യാർഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസത്തിന് പ്രത്യേക സാമ്പത്തിക സഹായ പദ്ധതി പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു. ജില്ലാ പ്രസിഡന്റ് എ.ഡി.ജോൺ അദ്ധ്യക്ഷത വഹിച്ചു. പി.കെ.ഗോപി, അജിത് മണ്ണിൽ, മോഹൻ കുമാർ, പി.കെ. ഇഖ്ബാൽ എന്നിവർ പ്രസംഗിച്ചു.