റാന്നി: കൈവരികൾ തകർന്നും കാട് മൂടിയ നിലയിലും മുക്കം കോസ്‌വേ. മുക്കം ദേശത്തെ പെരുനാടുമായി ബന്ധിപ്പിക്കുന്ന കോസ്‌വേ നാളുകളായി അവഗണന നേരിടുകയാണ്. ശക്തമായ മഴ പെയ്തു പമ്പയാറ്റിൽ ജലനിരപ്പ് ഉയരുമ്പോൾ പലപ്പോഴും കോസ്‌വേ മുങ്ങാറുണ്ട്. കുത്തിയൊഴുകി വന്ന മഴവെള്ളത്തോടൊപ്പം തടികളും മറ്റും വന്നിടിച്ചു നശിച്ച നിലയിലാണ് കോസ്‌വേയുടെ കൈവരികൾ. കഴിഞ്ഞ മഴവെള്ളത്തിൽ തകർന്ന കൈവരികൾ ഇപ്പോഴും നന്നാക്കാത്ത സ്ഥിതിയാണ്. ഇത് വലിയ അപകടങ്ങൾക്ക് സാദ്ധ്യതയുണ്ട്. മുക്കം പ്രദേശത്തുനിന്ന് വരുന്ന വഴി കുത്തിറക്കമാണ്. ഇവിടെനിന്നു ഇറങ്ങി വരുന്ന വാഹനങ്ങൾ നിയന്ത്രണം വിട്ടാൽ നേരെ പമ്പയാറ്റിലേക്ക് പതിക്കുമെന്ന് സ്ഥിതിയിലാണ്. കൂടാതെ കാൽനടയാത്രക്കാർക്കും ഭീഷണിയാണ്. കോസ്‌വേയുടെ മുക്കം ഭാഗത്തെ വഴിയിൽ ഇരു സൈഡുകളിലും കാടുമൂടിയ അവസ്ഥയിലാണ്. ഇത് പലപ്പോഴും സ്ത്രീകളും, കുട്ടികൾക്കും ഉൾപ്പെടെ ഭീകരത സൃഷ്ടിക്കുന്നു. കാടുമൂടിയ വശങ്ങളിൽ രാത്രിയിൽ വെളിച്ചക്കുറവും അനുഭവപ്പെടുന്നുണ്ട്.
എളുപ്പവഴി
മുക്കത്തിനുപുറമെ അടിച്ചിപുഴ, നാറാണംമൂഴി എന്നീ പ്രദേശങ്ങളിലെ ജനങ്ങൾക്ക് അത്തിക്കയം വഴി യാത്ര ചെയ്യാതെ പെരുനാട്, മടത്തുംമൂഴി, വടശേരിക്കര എന്നിവിടങ്ങളിലേക്ക് പോകാനുള്ള എളുപ്പവഴിയുമാണ് ഈ കോസ്‌വേ. പഞ്ചായത്ത് അധികൃതർ ഇടപെട്ട് വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
- കോസ്‌വേയുടെ കൈവരികൾ തകർന്നു
- വലിയ അപകടങ്ങൾക്ക് സാദ്ധ്യത
-രാത്രിയിൽ വെളിച്ചക്കുറവ്