തിരുവല്ല: കൊവിഡ് നിയന്ത്രണങ്ങൾക്ക് ഇളവു വരുത്തിയപ്പോൾ ആരാധനാലയങ്ങൾ തുറക്കുന്നതിനേക്കാൾ പ്രാമുഖ്യം മദ്യശാലകൾക്കു നൽകിയത് ഖേദകരമാണെന്ന് മാർത്തോമ്മാ സഭാദ്ധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്ത പറഞ്ഞു. മാർത്തോമ്മാ സഭ ലഹരി വിമോചന സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലക്ഷ്യ ലഹരിവിരുദ്ധ പരിപാടികളുടെ ഭാഗമായുള്ള വീറ്റൂ കാമ്പയിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മെത്രാപ്പോലിത്ത. സമിതി പ്രസിഡന്റ് തോമസ് മാർ തിമൊഥെയോസ് എപ്പിസ്‌ക്കോപ്പാ അദ്ധ്യക്ഷത വഹിച്ചു. റവ.തോമസ് പി.ജോർജ്, ചെയർമാൻ റവ.പി.ജെ.മാമച്ചൻ, കൺവീനർ അലക്‌സ് പി.ജോർജ് എന്നിവർ പ്രസംഗിച്ചു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സഭയുടെ നേതൃത്വത്തിൽ 26വരെ വിവിധ പ്രചാരണ പരിപാടികൾ നടത്തും. സമൂഹമാദ്ധ്യമങ്ങളിലൂടെ ഹാഷ്ടാഗ് പ്രചരണം, ലഘു വീഡിയോ നിർമ്മാണം, വീറ്റൂ ഫേസ്ബുക്ക് ഫ്രെയിം ഉപയോഗം, പോസ്റ്റർ തയാറാക്കൽ എന്നിവയിലൂടെയാണ് പരിപാടികൾ സംഘടിപ്പിക്കുക.