
പത്തനംതിട്ട : ഒരു മിനിട്ടിൽ ഏറ്റവും കൂടുതൽ സൂര്യനമസ്കാരം ചെയ്ത് ഇന്റർനാഷണൽ ബുക്ക് ഒഫ് റെക്കാർഡ് നേടി പത്തനംതിട്ട വെണ്ണിക്കുളം സ്വദേശി മനീഷ് രാജ്. ഒരു മിനിട്ടിൽ പതിനഞ്ച് സൂര്യനമസ്കാരം. ഹരിയാന സ്വദേശി സൂര്യ പ്രതാപിന്റെ 12 സൂര്യ നമസ്‌കാരമെന്ന റെക്കാർഡാണ് ഏപ്രിൽ 8ന് മനീഷ് ( 26 ) മറികടന്നത്.
പന്ത്രണ്ട് പടികളായി എട്ട് യോഗാസനങ്ങൾ ചേരുന്നതാണ് ഒരു സൂര്യനമസ്കാരം . അങ്ങനെ 15 എണ്ണം ഒരു മിനിട്ടിൽ. സാധാരണക്കാർക്ക് ഒരു മിനിട്ടിൽ അഞ്ചോ ആറോ സൂര്യനമസ്കാരമാണ് സാധിക്കുക.
പതിനേഴാം വയസിൽ കരാട്ടെ അദ്ധ്യാപകനും നാഷണൽ യോഗ റഫറിയുമായ ജോമോൻ എസ്. കറുകച്ചാലിനെ പരിചയപ്പെട്ടതാണ് യോഗയിലേക്കുള്ള തുടക്കം. അദ്ദേഹം ഇപ്പോൾ ഏഷ്യൻ യോഗ റഫറിയാണ്. സുഹൃത്തുക്കളോടൊപ്പം ബോധന ട്രൈബ് എന്ന കൂട്ടായ്മയിലൂടെ യോഗയെ ജനകീയമാക്കാനുള്ള ശ്രമത്തിലാണ് മനീഷ്. പത്തനംതിട്ട കേന്ദ്രമാക്കിയ കൂട്ടായ്‌മ അഞ്ഞൂറിലധികം പേർക്ക് പരിശീലനം നൽകിയിട്ടുണ്ട്. കൊവിഡ് കാരണം ഇപ്പോൾ ഓൺലൈൻ ക്ലാസുകളും വെബിനാറുകളുമാണ്. കേരളത്തിൽ യോഗയ്ക്ക് കുറച്ചു കൂടി പ്രാധാന്യം കിട്ടണമെന്നാണ് മനീഷിന്റെ അഭിപ്രായം.
റിട്ട. ഡെപ്യൂട്ടി തഹസീൽദാർ രാജേന്ദ്രന്റെയും സബ് കോടതി ജീവനക്കാരി ബിന്ദുവിന്റെയും മകനാണ് മനീഷ്. മനീഷ, മോനിഷ് എന്നിവർ സഹോദരങ്ങളാണ്. ബി.കോം ബിരുദത്തിന് ശേഷം സയന്റിഫിക് ആൻഡ് ടെക്നിക്കൽ എഡ്യുക്കേഷൻ കൗൺസിലിന്റെയും സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെയും കീഴിൽ യോഗ ഡിപ്ലോമ കോഴ്സ് കഴിഞ്ഞതാണ് മനീഷ്. യോഗ ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ ദേശീയ റഫറിയും പത്തനംതിട്ട യോഗ അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയുമാണ് .
"യോഗ സാവധാനം ഗുരു സാന്നിദ്ധ്യത്തിൽ പരിശീലിക്കണം. വേഗത്തിൽ ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതല്ല. മത്സരത്തിനാണ് വേഗത്തിൽ സൂര്യനമസ്കാരം ചെയ്തത്. പരിശീലനത്തിലൂടെയാണ് അത് സാദ്ധ്യമായത്. "
മനീഷ് രാജ്
ശരീരത്തിലെ അമിത കൊഴുപ്പ് ഇല്ലാതാക്കും
രോഗ പ്രതിരോധ ശേഷി കൂട്ടും.
നട്ടെല്ലിനും സന്ധികൾക്കും വഴക്കം ഉണ്ടാകും
രക്തചംക്രമണം കൂടും
ഉന്മേഷവും പ്രസരിപ്പും കിട്ടും
ശ്വാസകോശത്തിന്റെ പ്രവർത്തനം സുഗമമാകും
ആർത്തവ പ്രശ്നങ്ങൾ കുറയും.