വാഴമുട്ടം: വായനാദിനത്തിൽ എല്ലാകുട്ടികൾക്കും വായനപ്പൊതി തപാൽ വഴി സമ്മാനമായി നല്കി വാഴമുട്ടം നാഷണൽ യു.പി സ്‌കൂൾ അദ്ധ്യാപകർ. കൊവിഡ് കാലത്ത് ഓൺലൈൻ ക്ലാസുകളോടൊപ്പം വായനയുടെ ലോകത്തും ഇടം കണ്ടെത്താൻ കുട്ടികളെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് സമ്മാനപ്പൊതി പദ്ധതി ആരംഭിക്കുന്നതെന്ന് ഹെഡ്മിസ്ട്രസ് ജോമി ജോഷ്വ അറിയിച്ചു. എല്ലാ ക്ലാസ് ടീച്ചേഴ്സും അതത് ക്ലാസിലെ കുട്ടികൾക്ക് പുതിയ പുസ്തകങ്ങൾ തപാലിൽ അയച്ചു. ഓരോ പുസ്തകത്തിന്റെയും ആസ്വാദനം കുട്ടികൾ എഴുതിതയാറാക്കി തപാൽ വഴി തന്നെ അദ്ധ്യാപകർക്ക് തിരിച്ചയയ്ക്കും.വായനയും എഴുത്തും പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം തപാൽ വകുപ്പിനെ ഉപയോഗിക്കാൻ പഠിപ്പിക്കുക എന്ന ലക്ഷ്യം ഈ പദ്ധതിയുടെ ഭാഗമാണെന്ന് പി.ടി.എ പ്രസിഡന്റ് എ.രജികുമാർ അറിയിച്ചു. പദ്ധതിയുടെ ഉദ്ഘാടനം അദ്ധ്യാപികയും വള്ളിക്കോട് പഞ്ചായത്ത് മെമ്പറുമായ ഗീതാകുമാരി തപാൽ വകുപ്പ് സബ് പോസ്റ്റ് മാസ്റ്റർ സ്മിത കുര്യന് വായനപ്പൊതി നല്കി നിർവഹിച്ചു. ചടങ്ങിൽ മാനേജർ രാജേഷ് ആക്ലേത്ത്, പോസ്റ്റൽ അസിസ്റ്റന്റ് സ്വപ്നമോൾ.കെ.പി,ആകാശ് പി.എന്നിവർ പങ്കെടുത്തു.