പത്തനംതിട്ട: മനുഷ്യന്റെ ഭൗതികവും സാംസ്‌കാരികവുമായ ഉന്നമനത്തിന് വായന അനിവാര്യമാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ ഓൺലൈനായി സംഘടിപ്പിച്ച വായനപക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കൊവിഡ് കാലത്ത് ആളുകൾ അധിക സമയവും വീടുകൾക്കുള്ളിൽ കഴിയുന്ന സാഹചര്യത്തിൽ വായനയ്ക്കായി സമയം കണ്ടെത്താൻ സാധിക്കുന്നുണ്ട്. കാലം മാറി വരുമ്പോൾ ഇ ബുക്ക് വായനയും പ്രിയങ്കരമായി മാറുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. കെ.യു ജനീഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എ.പി ജയൻ മുഖ്യ പ്രഭാഷണം നടത്തി. ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം പ്രൊഫ.ടി.കെ.ജി നായർ പി.എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ആർ.തുളസീധരൻ പിള്ള, വൈസ് പ്രസിഡന്റ് പി.ജി ആനന്ദൻ, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗങ്ങളായ എസ്.ഹരിദാസ്, രാജൻ വർഗീസ്, എം.എസ് ജോൺ, കെ.പി രാധാകൃഷ്ണൻ, ജില്ലാ ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടിവ് അംഗം കോമളം അനിരുദ്ധൻ, കോന്നി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.വി. ജയകുമാർ, സെക്രട്ടറി അഡ്വ.സുനിൽ പേരൂർ തുടങ്ങിയവർ ഓൺലൈനായി നടന്ന ചടങ്ങിൽ സംസാരിച്ചു. ജൂലൈ ഏഴുവരെ വിവിധ പരിപാടികളാണ് ലൈബ്രറി കൗൺസിൽ നടത്തുന്നത്.